'സൗകര്യങ്ങളും ജീവനക്കാരുമില്ല'; വീര്‍പ്പുമുട്ടുകയാണ് മലപ്പുറം താനൂര്‍ സിഎച്‌സി ആശുപത്രി

മലപ്പുറം: സൗകര്യങ്ങളും ജീവനക്കാരുമില്ലാതെ വീർപ്പുമുട്ടുകയാണ് മലപ്പുറം താനൂർ CHC ആശുപത്രി. നാലുവര്‍ഷം മുന്‍പ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇതുവരെ നടപടി എങ്ങുമെത്തിയില്ല. സാധാരണക്കാരായ മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ ഏക ആശ്രയമാണ് ഈ ആശുപത്രി.
പുതിയ കെട്ടിടങ്ങളിലേക്ക് ഇതുവരെ മാറാന്‍ സാധിച്ചിട്ടില്ല.താലൂക്ക് ആശുപത്രിക്ക് വേണ്ടി പഴയ കെട്ടിടങ്ങള്‍ പൊളിച്ചപ്പോള്‍ ഇവിടുത്തെ കിടത്തി ചികിത്സയും മുടങ്ങി. മത്സ്യതൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയിലെ ഏക ആശ്രയമായ ഈ സര്‍ക്കാര്‍ ആശുപത്രി പ്രതിസന്ധിയിലായതോടെ ദുരിതത്തിലായിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാര്‍. ദിവസവും നൂറ്കണക്കിന് രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. മരുന്നും മറ്റു സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ നിരവധി ആളുകള്‍ മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. പ്രശ്‌നം നിരവധി തവണ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി. അബ്ദുറഹിമാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇനിയും നടപടി വൈകുകയാണെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.