logo
AD
AD

മലപ്പുറം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കും

മലപ്പുറം ജില്ലയില്‍ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന മുഴുവന്‍ പൊതു- സ്വാകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. സര്‍ക്കാര്‍ ഓഫീസുകളും പൊതുസ്ഥാപനങ്ങളും കൂടാതെ പൊതുജനങ്ങളെത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാതരത്തിലുമുള്ള ഭിന്നശേഷിക്കാര്‍ക്കും പ്രാപ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.⁣ ⁣ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും നിലവിലെ ഭിന്നശേഷി സൗഹൃദ സ്ഥിതി പരിശോധിക്കുന്നതിന് ആക്‌സസിബിലിറ്റി ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. ഓഫീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് 39 പേജുള്ള ചെക്ക് ലിസ്റ്റ് കൈമാറി വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ സമ്പൂര്‍ണ ഭിന്നശേഷി പ്രാപ്യമാക്കുന്നതിനാണ് ആദ്യ പരിഗണന നല്‍കുന്നത്. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10 നകം സിവില്‍ സ്റ്റേഷനിലെ ആക്‌സസിബിലിറ്റി ഓഡിറ്റ് പൂര്‍ത്തിയാക്കും. സാധ്യമായ രീതിയില്‍ എല്ലാ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കും.⁣ ⁣ തുടര്‍ന്ന് ആറുമാസത്തിനകം മുന്‍ഗണാടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പരമാവധി ഭിന്നശേഷി പ്രാപ്യമാക്കാനും സ്ഥാപനങ്ങള്‍ക്ക് ആക്‌സസിബിലിറ്റി റേറ്റിങ് നടപ്പാക്കാനും നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ക്കും സ്ഥാപന മേധാവികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കും. ഇത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു.⁣ ⁣ അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷാബിര്‍ ഇബ്രാഹീം എന്നിവര്‍ പദ്ധതി വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ആക്‌സസ് മലപ്പുറം സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങയവര്‍ സംസാരിച്ചു. യോഗത്തിനിടെ ജില്ലാ കളക്ടറെ കാണാനെത്തിയ ബോബി ചെമ്മണൂര്‍ യോഗത്തില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കുകയും ഭിന്നശേഷി സൗഹൃദ മലപ്പുറം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

latest News