പ്ലസ് വൺ ബാച്ച്: താൽക്കാലിക ആശ്വാസം

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ജില്ലക്ക് താൽക്കാലിക ആശ്വാസം. 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച സർക്കാർ പ്രഖ്യാപനം സപ്ലിമെൻററി അലോട്ട്മെന്റിൽ പുറത്തുനിൽക്കുന്ന കുട്ടികൾക്ക് ഏറെ ആശ്വാസമാകും. ജില്ലയിലെ 74 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലായി 59 ഹ്യൂമാനിറ്റീസ് ബാച്ചുകളും 61 കോമേഴ്സ് ബാച്ചുകളുമാണ് വരിക. ഒരു ബാച്ചിൽ 65 പേർക്ക് പ്രവേശനം നൽകുമെന്നാണ് അറിയിപ്പ്. ഇതുവഴി 7,800 പേർക്ക് കൂടി സീറ്റ് ലഭിക്കും. ഹ്യുമാനിറ്റീസിന് 3,835 സീറ്റും കോമേഴ്സിന് 3,965 സീറ്റും ലഭിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് കണക്കുപ്രകാരം ജില്ലയിൽ 9,882 പേരാണ് പുറത്തുള്ളത്. ഇവരിൽ ഇനി 2,082 പേരാണ് സീറ്റില്ലാതെ പുറത്താകുക. ജില്ലയിൽ സർക്കാർ, എയിഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഏറ്റവും കൂടുതലുള്ളത് സയൻസ് ബാച്ചുകളാണ്. 352 സയൻസ് ബാച്ചുകളാണ് നിലവിലുള്ളത്. ഹ്യുമാനിറ്റീസ് -210, കോമേഴ്സ് -277 ബാച്ചുകൾ വീതവും. പുതുതായി വരുന്ന ബാച്ചുകൾ കൂടി ചേരുമ്പോൾ ഹ്യുമാനിറ്റീസിന് 269 ഉം കൊമേഴ്സിന് 338ഉം ബാച്ചുകളാകും. ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച രണ്ടംഗ സമിതിയുടെ ശിപാർശ പ്രകാരമാണ് 120 ബാച്ചുകൾ അനുവദിച്ചത്.