പി.ടി.എം ഗവ. കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി; മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ രണ്ടോ മൂന്നോ പുതിയ കോഴ്‌സുകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു. പി.ടി.എം കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോളജുകളുടെ പശ്ചാത്തല വികസനത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഉന്നത വിദ്യാഭ്യാസരംഗം മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലാണ്. കേരളം സമീപ ഭാവിയില്‍ തന്നെ വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയ ഹബ്ബായി മാറുമെന്നും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ കൂടുതലായി ഇവിടെ പഠിക്കാനെത്തുമെന്നും മന്ത്രി പറഞ്ഞു. സുവര്‍ണ ജൂബിലി ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷനായിരുന്നു. കോളജില്‍ നടപ്പാക്കുന്ന 50 ഇന പരിപാടികളുടെ പ്രഖ്യാപനം നഗരസഭാ ചെയര്‍മാന്‍ പി. ഷാജി നിര്‍വഹിച്ചു. അലുംനി ഡാറ്റാബാങ്ക് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പച്ചീരി ഫാറൂഖ്, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അഫ്‌സല്‍ ജമാല്‍, കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെംബര്‍ പി. സുശാന്ത്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ കെ. സഫ്‌വാന്‍, അലുംനി പ്രസിഡന്റ് യു. അബ്ദുല്‍ കരീം ഐ.പി.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് ഇ.പി രാഘവന്‍, ഡോ. പി. ഫൈസല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി. ബാബുരാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോളജിന് അകത്തും പുറത്തുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.