logo
AD
AD

ഷൊർണൂരിെന്റ തീരാപ്രശ്നമായി മലിനജലം

ഷൊർണൂർ: ഷൊർണൂരിന്റെ തീരാപ്രശ്നമാണ് മാലിന്യം. മലിനജലവും കുന്നുകൂടുന്ന മാലിന്യവും കൃത്യമായി സംസ്കരിക്കാൻ ഷൊർണൂരിൽ സംവിധാനമില്ല. പലയിടങ്ങളിൽനിന്നുവരുന്ന മലിനജലമെല്ലാം ഒഴുകിയെത്തുന്നത് കുടിവെള്ളസ്രോതസ്സായ ഭാരതപ്പുഴയിലാണെന്നതാണ് ഏറ്റവും ഗുരുതരം.

ഷൊർണൂർ നഗരസഭാ പ്രദേശത്തുനിന്നും റെയിൽവേസ്റ്റേഷനിൽനിന്നുമായി പ്രതിദിനമുണ്ടാകുന്നത് ആറ് ദശലക്ഷം ലിറ്റർ മലിനജലമാണെന്ന് നഗരസഭയുടെ പഠനറിപ്പോർട്ടിൽ പറയുന്നു. അഞ്ചുദശലക്ഷം ലിറ്റർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഒരുദശലക്ഷം ലിറ്റർ റെയിൽവേസ്റ്റേഷനിൽനിന്നുമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പട്ടണത്തിന്റെയും ഭാരതപ്പുഴയുടെയും മധ്യത്തിലൂടെ കടന്നുപോകുന്ന റെയിൽവേസ്റ്റേഷൻ ഉൾപ്പെടെ മാലിന്യ ഉറവിടങ്ങളാണ്. വ്യാപാര-വ്യവസായസ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും റെയിൽവേ ക്വാർട്ടേഴ്‌സുകളിൽനിന്നുമുള്ള മാലിന്യമെത്തുന്നത് പൊതുസ്ഥലങ്ങളിലേക്കാണ്. റെയിൽവേസ്റ്റേഷനുസമീപത്തെ ചതുപ്പുനിലങ്ങളിലും പരിസരങ്ങളിലുമായി ഇവ കെട്ടിക്കിടക്കും. റെയിൽവേസ്റ്റേഷൻ കഴിഞ്ഞുള്ള സ്ഥലങ്ങളിൽ ചാലുകളിലും തോടുകളിലുമായി പാതയോരത്തുപോലും മലിനജലം കെട്ടിനിൽക്കുകയാണ്. വീടുകളുടെ സമീപത്തേക്ക് മലിനജലമെത്തുന്നത് തടയാൻ നടപടിവേണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രതിഷേധങ്ങളും നിർദേശങ്ങളും റെയിൽവേയ്ക്ക് മുന്നിലുണ്ടെങ്കിലും ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. സ്വച്ഛ്ഭാരത്പോലുള്ള ശുചിത്വ പ്രചാരണങ്ങളെല്ലാം നടക്കുന്നുണ്ടെങ്കിലും ഒന്നും ഷൊർണൂരിൽ ഫലവത്തല്ല. ഭാരതപ്പുഴയിലെ തടയണയെ ആശ്രയിച്ചാണ് കുടിവെള്ളപദ്ധതി പ്രവർത്തിക്കുന്നത്. മലിനജലം പുഴയിലേക്കൊഴുക്കുന്നത് തടയണമെന്ന് നിയമസഭാ പരിസ്ഥിതിസമിതിയും നിർദേശം നൽകിയിരുന്നു. ഈ നിർദേശവും എങ്ങുമെത്തിയിട്ടില്ല. റെയിൽവേസ്റ്റേഷൻ പരിസരത്തുൾപ്പെടെ വെള്ളക്കെട്ടാണ്. ചതുപ്പുനിലങ്ങളിലും കെട്ടിടങ്ങളുടെ അരികിലുമായി നിരവധിസ്ഥലങ്ങളിൽ ഇത്തരത്തിലുള്ള മലിനജലം കെട്ടിനിൽക്കുന്നുണ്ട്. റെയിൽവേസ്റ്റേഷന് മുൻവശത്തും തെക്കേറോഡിന് അരികിലുമായാണ് ഈ മാലിന്യമുള്ളത്. കൃത്യമായ മലിനജല ശുദ്ധീകരണികൾ മാത്രമാണ് പട്ടണത്തെയും ഭാരതപ്പുഴയെയും രക്ഷിക്കാനുള്ള മാർഗം

Latest News

latest News