സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേതാക്കള്‍ തന്നെ ചോര്‍ത്തുന്നു; ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം
തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം തുടര്‍ന്ന് പ്രതിനിധികള്‍. സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേതാക്കള്‍ തന്നെ ചോര്‍ത്തുന്നുവെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. സമരസംഘടന എന്നതിനപ്പുറം പാലിയേറ്റീവ് കെയര്‍ സംവിധാനമായി സംഘടന മാറിയെന്നും വിമര്‍ശനമുണ്ട്. സംസ്ഥാന കമ്മിറ്റി മുതല്‍ മേഖലാ കമ്മിറ്റി വരെ വിഭാഗീയതയുണ്ടെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാര്‍ റവാഡാ ചന്ദ്രശേഖരനെ ഡിജിപി ആക്കിയപ്പോള്‍ ഡിവൈഎഫ്‌ഐ മൗനം പാലിച്ചുവെന്നായിരുന്നു പ്രധാന വിമര്‍ശനം. കൂത്തുപറമ്പ് സഖാക്കളെ ഡിവൈഎഫ്‌ഐ നേതൃത്വം മറന്നുവെന്ന് കണ്ണൂര്‍ ഘടകം ചൂണ്ടിക്കാട്ടി. പിഎംശ്രീ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ തിരുത്തല്‍ ശക്തിയായി നീങ്ങേണ്ടത് ഡിവൈഎഫ്‌ഐ ആയിരുന്നു. എന്നാല്‍ പിഎംശ്രീ വിഷയത്തിലും മൗനം പാലിക്കുകയാണ് ചെയ്തത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാര്‍ഥി-യുവജന വിരുദ്ധ നിലപാടുകളില്‍ പരസ്യമായി ഡിവൈഎഫ്‌ഐ രംഗത്തിറങ്ങിയത് ഓര്‍ക്കണമെന്നും കണ്ണൂര്‍ പ്രതിനിധികള്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ ജനറല്‍ സെക്രട്ടറി ആരാണെന്ന് പോലും അറിയാത്ത സാഹചര്യമുണ്ട്. ഒരു പരിപാടികളിലും ദേശീയ സെക്രട്ടറി പങ്കെടുക്കുന്നില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അതേസമയം റീല്‍ ചിത്രീകരണം തുടരണമെന്നും പ്രതിനിധികള്‍ പറഞ്ഞു. എ.എ റഹീമിന്റെ റീല്‍സ് വീഡിയോകള്‍ തുടരണമെന്നായിരുന്നു നിര്‍ദേശം. ഡല്‍ഹി സമരവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വീഡിയോകള്‍ ശ്രദ്ധിക്കപ്പെട്ടു. കാലാനുസൃതമായി ഇത്തരം പ്രചാരണ രീതികളിലേക്ക് മാറണമെന്നുമാണ് പ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍. അതേസമയം ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. ചിന്ത ജെറോമാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. എം. വിജിനാണ് സെക്രട്ടറി. ചരിത്രത്തില്‍ ആദ്യമായാണ് ഡിവൈഎഫ്‌ഐയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്.
