ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി പൊതുജനാരോഗ്യസമിതി
ഓണക്കാലത്ത് ഭക്ഷ്യവിഷബാധ, ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ പടരുന്നത് തടയുന്നതിനായി പാലക്കാട് ജില്ലയിലെ പ്രധാന താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യം, ഭക്ഷ്യസുരക്ഷ, നഗരസഭാ ആരോഗ്യവിഭാഗം, തദ്ദേശസ്വയംഭരണം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുജനാരോഗ്യ സമിതി യോഗം തീരുമാനിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ശീതള പാനീയ വിതരണ കേന്ദ്രങ്ങള്‍, മറ്റ് ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. എല്ലാ പഞ്ചായത്തുകളിലും പൊതുജനാരോഗ്യസമിതി യോഗം ചേര്‍ന്ന് പ്രദേശത്തെ ഭക്ഷണനിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ഭക്ഷ്യവിഷബാധ, പകര്‍ച്ച വ്യാധികള്‍ എന്നിവ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ശുചിത്വ - സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ജില്ലാ സര്‍വയലെന്‍സ് ഓഫീസര്‍, ഗവ. മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി വിഭാഗം മേധാവി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് നോഡല്‍ ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ലാ ഫിഷറീസ് ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
