logo
AD
AD

ലഹരിക്കെതിരെ ഓണം സ്പെഷ്യൽ ക്യാമ്പയിനുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്

പെരിന്തൽമണ്ണ: ഓണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയും ഓണം സ്പെഷ്യൽ ക്യാമ്പയിനും സംഘടിപ്പിക്കാൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. പെരിന്തൽമണ്ണ സർക്കിൾ എക്സൈസുമായി സഹകരിച്ചാണ് വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയ ക്യാമ്പയിനും സംഘടിപ്പിക്കും. ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്തിൽ ചേർന്ന യോഗം നജീബ് കാന്തപുരം എം. എൽ. എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ലഹരിക്കെതിരെ ശക്തമായ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിൽ രാസലഹരിയുടെ ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ടെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ലഹരി കേസുകളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നജീബ് കാന്തപുരം എം. എൽ. എ പറഞ്ഞു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അബ്കാരി ആക്ട് പ്രകാരമുള്ള പരിശോധനകൾക്കും നാർക്കോട്ടിക് കേസുകൾ കണ്ടെത്തുന്നതിനും പ്രത്യേക നടപടികൾ സ്വീകരിക്കും. ‘ഓപ്പറേഷൻ തണ്ടർ’ ഉൾപ്പെടെയുള്ള പരിശോധനകളുടെ ഭാഗമായി 1.75 കിലോഗ്രാം കഞ്ചാവ് പിടികൂടിയതായും ആറ് അബ്കാരി കേസുകളും എട്ട് എൻ.ഡി.പി.എസ് കേസുകളും 26 കോഡപ കേസുകളും, രജിസ്റ്റർ ചെയ്തതായും എക്സൈസ് അധികൃതർ അറിയിച്ചു. എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കും. സ്റ്റാൻഡുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പരിശോധന നടത്തും. ബ്ലോക്ക്‌. പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ്, സ്ഥിരം സമിതി അധ്യക്ഷ ഇഫ്ര മോൾ, ഷാജി കട്ടുപ്പാറ, ബഷീർ, അനിൽ പുൽപ്ര, സക്കീന, അഡ്വ. ജലീൽ, സഫ്‌വാന ടീച്ചർ, ഫസീല ബഷീർ, ജോയിന്റ് ബി.ഡി.ഒ പി. അബ്ദുൽ ഗഫൂർ, ഷബ്‌ന അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ ഓഫ് എക്സൈസ് അബ്ദുൽ അഷ്റഫ്, സി.ഇ.ഒ അനീഷ്, പി.ഒ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് സംഘം പ്രവർത്തനങ്ങളിൽ പങ്കെടുത്തു.


latest News