എം.ഡി.എം.എ കടത്ത്: ഇടനിലക്കാരനെ പെരിന്തൽമണ്ണ പോലീസ് പിടികൂടി
പെരിന്തൽമണ്ണ: ബാംഗ്ലൂരിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് കാറിൽ ഒളിപ്പിച്ചു കടത്തിയ 405 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ പോലീസിന്റെ ശക്തമായ തുടരന്വേഷണം. ലഹരിക്കടത്ത് സംഘത്തിലെ പ്രധാന ഇടനിലക്കാരനായ കാസർഗോഡ് ഉപ്പള സ്വദേശി മണ്ണംകുഴി നിസാം മൻസിലിൽ സയ്യിദ് മുഹമ്മദ് നവാസിനെ (33) പെരിന്തൽമണ്ണ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് ഉപ്പളയിൽ നിന്ന് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്ന ലഹരിസംഘങ്ങളുടെ പ്രധാന ഇടനിലക്കാരനായാണ് ഇയാൾ പ്രവർത്തിച്ചു പോന്നിരുന്നത്. ഇയാളുടെ പേരിൽ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ വിവിധ എൻ.ഡി.പി.എസ് കേസുകളും അടിപിടിക്കേസുകളും നിലവിലുണ്ട്. ഒരു വർഷം മുൻപ് കാപ്പ ചുമത്തപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും ലഹരിക്കടത്തിൽ സജീവമായത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എൻ. ഒ. സിബി എന്നിവരുടെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐ ബൈജു, ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
