logo
AD
AD

വ്യാപാരസ്ഥാപനങ്ങള്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: ഓണത്തോടനുബന്ധിച്ച് അനധികൃതമായ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരേ എല്ലാ വ്യാപാരികളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും വ്യാപാരസ്ഥാപനങ്ങള്‍ കൃത്യമായ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണമെന്നും പാലക്കാട് ജില്ലാ കലക്ടര്‍ കെ. സുധീര്‍ നിര്‍ദേശിച്ചു. സ്ഥാപനങ്ങളില്‍ കൈകാര്യം ചെയ്യുന്ന സാധനങ്ങളുടെ കൃത്യമായ രേഖകള്‍ കടകളില്‍ സൂക്ഷിക്കേണ്ടതും, ഗുണഭോക്താക്കള്‍ക്ക് വില്‍പ്പന ചെയ്യുന്ന സാധനങ്ങളുടെ ബില്ല് കൃത്യമായി നല്‍കേണ്ടതുമാണ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. സാധനങ്ങളുടെ ഗുണമേന്മ വ്യാപാരികള്‍ പ്രത്യേകം ഉറപ്പാക്കണം. പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനായി ജില്ലാ -താലൂക്ക് തലങ്ങളില്‍ പൊതുവിതരണം, പോലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ദിവസങ്ങളിലും പൊതുവിപണിയില്‍ പരിശോധന നടത്തുന്നുണ്ടെന്നും അറിയിച്ചു. അളവുതൂക്ക കൃത്യത, ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ എന്നിവയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എ എസ് ബീന, വ്യാപാരി പ്രതിനിധികള്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


latest News