ഹരിത ഓണം ലോഗോ പ്രകാശനം ചെയ്തു
ഹരിത ഓണം 2026-ന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന ഹരിത ഓണം ക്യാമ്പയിന്റെ ലോഗോ ജില്ലാ കലക്ടര്‍ കെ. സുധീര്‍ പ്രകാശനം ചെയ്തു. ഓണാഘോഷങ്ങള്‍ മാലിന്യമുക്തവും പരിസ്ഥിതിസൗഹൃദവുമായ രീതിയില്‍ സംഘടിപ്പിക്കുന്നതിനും ഹരിത പ്രോട്ടോക്കോള്‍ സംബന്ധിച്ച അവബോധം പൊതുജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. ആഘോഷങ്ങളുടെ ഭാഗമായി മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക, പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഹരിതവും ശുചിത്വപൂര്‍ണവുമായ ഓണാഘോഷങ്ങള്‍ക്കായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ചടങ്ങില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി വരുണ്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ എസ്. ബെബറ്റോ, ജെ ശ്രാവണ്‍, ഡി. ദീപക്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഹാരൂണ്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
