logo
AD
AD

ഓപ്പറേഷൻ തണ്ടർ: അട്ടപ്പാടിയിൽ കഞ്ചാവ് കൃഷി തോട്ടം കണ്ടെത്തി നശിപ്പിച്ചു

അട്ടപ്പാടി: അട്ടപ്പാടി ട്രൈബൽ താലൂക്കിലെ പാടവയൽ വില്ലേജിൽ കടുക്മണ്ണയിൽ നിന്നും ഒമ്പത് കിലോമീറ്റർ വടക്കുമാറി ശരക്കോൽ മലയുടെ മുകളിൽ നടന്ന വ്യാപക പരിശോധനയിൽ വൻ കഞ്ചാവ് തോട്ടം എക്സൈസ് സംഘം കണ്ടെത്തി. 15 തോട്ടങ്ങളിലായി നട്ടുപരിപാലിച്ചു പോന്ന രണ്ട് നഴ്സറികൾ ഉൾപ്പെടെ 2,373 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. ഇവയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച ശേഷം ബാക്കി കഞ്ചാവ് ചെടികൾ എക്സൈസ് സംഘം സ്ഥലത്തുവെച്ച് തന്നെ നശിപ്പിച്ചു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ആർ. നിഗീഷിന്റെ നേതൃത്വത്തിൽ അഗളി റേഞ്ച് ഇൻസ്പെക്ടർ ഇഹ്ലാസ് അലിയും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പുലർച്ചെ നാല് മണിയോടെ ആരംഭിച്ച പരിശോധനയിൽ, ചെങ്കുത്തായ മലയിടുക്കിലൂടെ ഉൾവനത്തിലേക്ക് ഏകദേശം 20 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് എക്സൈസ് സംഘം കഞ്ചാവ് തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അട്ടപ്പാടി വനമേഖലകളിലും തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും വാണിജ്യ അടിസ്ഥാനത്തിൽ കഞ്ചാവ് കൃഷി നടത്തുന്ന സംഘങ്ങളെക്കുറിച്ച് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ചന്ദ്രകുമാർ, ചന്ദ്രൻ, പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ രങ്കൻ, രജീഷ്, ഭോജൻ, വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.


latest News