നേപ്പാളിൽ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചു, ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടരുന്നു: നോർക്ക
തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരിൽ 53 മലയാളികളെക്കുറിച്ച് വിവരം ലഭിച്ചതായി നോർക്ക. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ പറഞ്ഞു. കാഞ്ഞങ്ങാട് നിന്ന് പോയ 36 അംഗ സംഘം, ചിത് വാൻ ജില്ലയിലെ ഹോട്ടലിൽ എത്തിയിട്ടുണ്ട്.
നേപ്പാളിൽ കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് , ദുരന്ത നിവാരണ അതോറിറ്റി, നോർക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. 17 ഇടങ്ങളിൽ നിന്നാണ് കേരളത്തിൽ നിന്ന് പോയവരെ കുറിച്ച് കഴിഞ്ഞ മണിക്കൂറുകളിൽ വിവരം ലഭിച്ചത്. അങ്ങനെയാണ് നേപ്പാളിൽ ഉള്ള ആളുകളുമായി സംസാരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം 53 പേർ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളിൽ ഉണ്ട്. ഇവരുമായി സർക്കാരിന്റെ പ്രതിനിധികൾ സംസാരിക്കുന്നുണ്ട്. വൈകാതെ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് ഇവരെ മാറ്റാനാണ് ശ്രമമെന്നും സിഇഒ വ്യക്തമാക്കി.
കേരളത്തിൽനിന്ന് നേപ്പാളിലേക്ക് പോയ മുഴുവൻ മലയാളികളെക്കുറിച്ച് വിവരം ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. എറണാകുളത്തെ ട്രാവൽ ഏജൻസി മുഖേന പോയ റിട്ടയേഡ് എസ് ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ രണ്ടരയോടെയാണ് ഹോട്ടലിൽ തിരിച്ചെത്തിയത്. മലയാളികളെ തിരികെയെത്തിക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെന്റുമായി ഇടപെടൽ തുടരുകയാണ്. അതേസമയം നേപ്പാളിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 170 കടന്നു. 300 ഇന്ത്യക്കാർ ഉൾപ്പെടെ 1200 ഓളം പേരെ കാണാനില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. രണ്ടാം പ്രളയത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നേപ്പാളിലേക്ക് സഹായവുമായുള്ള രണ്ടാം വിമാനം ഇന്ത്യയിൽ നിന്ന് പുറപ്പെട്ടു.
