ഇറാനുമായി എണ്ണ വ്യാപാരം: നാല് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്‌ടൺ: ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ വ്യാപാരങ്ങൾക്ക് സഹായം നൽകിയതിന് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാന്റെ ഭരണകൂടത്തിനുള്ള സാമ്പത്തിക സ്രോതസുകൾ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആരംഭിച്ച 'ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പുതിയ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പോർട്ട് ഈസ് പാർട്‌നേഴ്‌സ് എൽഎൽപി, സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാല് ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ് പ്രധാനമായും ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമെ ഈ കമ്പനികളുമായി നേരിട്ട് ബന്ധമുള്ള മൂന്ന് ഇന്ത്യൻ പൗരന്മാർക്കെതിരെയും അമേരിക്കൻ വിദേശകാര്യ വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. പോർട്ട് ഈസ് പാർട്‌നേഴ്‌സിലെ പങ്കാളികളായ ഹരീഷ് രാമചന്ദ്ര രംഗി, ഇന്ദ്രിസ്മിയ അഷ്‌റഫ്‌മിയ ശൈഖ് എന്നിവർക്കും പിപി സോഫ്റ്റ്‌ടെക് പ്രതിനിധി പ്രശാന്ത് ഗാർഗിനുമാണ് വിലക്കേർപ്പെടുത്തിയത്. ഏകദേശം 119 ദശലക്ഷം ഡോളറിന്റെ (990 കോടി രൂപ) ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സഹായിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിൽ സദാശിവ ഓവർസീസ് വിവിധ കമ്പനികളിൽ നിന്നായി 69 ദശലക്ഷം ഡോളറിന്റെ ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തതായി അമേരിക്ക ആരോപിക്കുന്നു.
കൂടാതെ പിപി സോഫ്റ്റ്‌ടെക്, പ്രകൃതീസ് ഇൻഫ്രാ എന്നീ കമ്പനികൾ 25 ദശലക്ഷം ഡോളർ വീതമുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയും നടത്തി. ഒരു കസ്റ്റംസ് ബ്രോക്കറായ പോർട്ട് ഈസ് പാർട്‌നേഴ്‌സ് ഈ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ എല്ലാ വാണിജ്യ സൗകര്യങ്ങളും ഒരുക്കി നൽകിയതിനാണ് അമേരിക്കയുടെ നടപടി നേരിടുന്നത്. അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് തിങ്കളാഴ്ച ഉപരോധം ഏർപ്പെടുത്തിയ 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയുടെ വിശാലമായ പട്ടികയുടെ ഭാഗമായാണ് ഈ ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ടിരിക്കുന്നത്. ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ബോധപൂർവ്വം വാങ്ങുകയോ, വിൽക്കുകയോ, വിപണനം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന അമേരിക്കയുടെ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പെട്ടെന്നൊരു നടപടി ഉണ്ടാവില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഈ പുതിയ ഉപരോധത്തോടെ ഇറാനെതിരെയുള്ള സാമ്പത്തിക നടപടികൾ അമേരിക്ക കൂടുതൽ കർശനമാക്കുകയാണെന്നാണ് വിലയിരുത്തൽ.
