വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു; അൽ ഐനിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന ബാലനാണ് മരണപ്പെട്ടത്. പുതിയ അധ്യയന വർഷത്തിനായി സ്‌കൂൾ ബാഗും പഠനോപകരണങ്ങളും ക്രമീകരിച്ച്, കായിക യൂണിഫോം വാങ്ങാൻ പോകാനിരിക്കെയാണ് കുട്ടി ദുരന്തത്തിൽപ്പെട്ടത്.
വീടിനടുത്തുള്ള പാർക്കിൽ സഹോദരനും കൂട്ടുകാർക്കുമൊപ്പം കളിക്കാൻ ഇറങ്ങിയതായിരുന്നു വലീദ്. കൂട്ടുകാരിലൊരാൾ സമീത്തെ വീടിന് പുറത്തുള്ള വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുന്നത് കണ്ട്, തമാശയാണെന്ന് കരുതി വലീദ് അടുത്തേക്ക് ചെല്ലുകയായിരുന്നു. തൊട്ടടുത്തേക്ക് പോയ വലീദ് വാട്ടർ കൂളറിൽ തൊട്ട ഉടൻ വൈദ്യുതാഘാതമേറ്റ് നിലത്തുവീണു. വലീദിന്റെ സഹോദരൻ ഓടിയെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പൊതുസ്ഥലങ്ങളിലും വീടുകൾക്ക് പുറത്തുമുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും വാട്ടർ കൂളറുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വലീദിന്റെ വേർപാടിൽ സ്‌കൂൾ അധികൃതരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.
