മലപ്പുറം പോത്തുകല്ലിൽ യുവതിയെ പങ്കാളി അടിച്ചുകൊന്നു; പ്രതി പിടിയിൽ
മലപ്പുറം: പോത്തുകല്ലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് കൊലപ്പെടുത്തി. അപ്പൻകാപ്പ് നഗറിലെ നിഷയാണ് കൊല്ലപ്പെട്ടത്. മേലെമുണ്ടേരി നീർപ്പുഴയുടെ സമീപത്തുനിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിഷയുടെ കൂടെ താമസിച്ചിരുന്ന സുരേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുദിവസം മുൻപാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ കുറച്ചുകാലമായി നിഷയും പ്രതിയായ സുരേഷും അപ്പൻകാപ്പ് നഗറിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. രണ്ടുദിവസം മുൻപ് മദ്യപിച്ചെത്തിയ സുരേഷ്, നിഷയെ സംശയമുണ്ടെന്ന് ആരോപിച്ച് അവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ തർക്കം പിന്നീട് മർദ്ദനത്തിൽ കലാശിക്കുകയും, മർദ്ദനമേറ്റ നിഷ കൊല്ലപ്പെടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം നീർപ്പുഴയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രി നീർപ്പുഴയുടെ ഭാഗത്ത് മീൻ പിടിക്കാൻ പോയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നും, ശരീരത്തിൽ മർദ്ദനമേറ്റതിന്റെയും പരിക്കുകളുടെയും പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യപിച്ചു കഴിഞ്ഞാൽ ക്രൂരമായി പെരുമാറുന്ന പ്രകൃതക്കാരനാണ് പ്രതിയായ സുരേഷ്. ഇയാൾക്ക് സമാനമായ മറ്റൊരു ക്രിമിനൽ പശ്ചാത്തലം കൂടിയുണ്ട്. 2022ൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. സമാനമായ രീതിയിൽ മദ്യപിച്ചെത്തി മർദ്ദിച്ചായിരുന്നു ആ കൊലപാതകവും നടത്തിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇയാൾ നിഷയെ പരിചയപ്പെടുന്നതും ഒപ്പം താമസിക്കാൻ തുടങ്ങിയതും. പൊലീസ് കസ്റ്റഡിയിലുള്ള സുരേഷിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
