പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ യുഡിഎഫ് എംപിമാരുടെ സത്യാഗ്രഹം
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ സത്യാഗ്രഹ സമരം. തിരുവോണ ദിനത്തിൽ നടക്കുന്ന സമരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കം കേരളത്തിന്റെ റെയിൽവേ വികസനത്തെ അട്ടിമറിക്കുന്നതാണെന്ന് സമരക്കാർ ആരോപിച്ചു. ഇരുട്ടിന്റെ മറവിലാണ് പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം നടക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും സമരത്തിന് പിന്തുണയുമായെത്തും.
റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഭരണപരമായ തീരുമാനം മാത്രമല്ലെന്നും ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. കേരളത്തിന് അർഹമായ റെയിൽവേ സോൺ അനുവദിക്കണമെന്ന ആവശ്യവും നേതാക്കൾ ഉയർത്തി. ഓണാഘോഷത്തിന്റെ ഭാഗമായി മാത്രമല്ല, കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടമായാണ് സമരത്തെ കാണുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. രാവിലെ 9ന് ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് 6 വരെ തുടരും. കേരളത്തെ ചവിട്ടിത്താഴ്ത്തുന്ന വാമനന്റെ രൂപത്തിലാണ് ഓണക്കാലത്ത് കേന്ദ്രം എത്തിയിരിക്കുന്നതെന്നും മന്ത്രി സണ്ണി ജോസഫ് വിമർശിച്ചു.
