'20 മാസമായി വേതനമില്ല'; യൂത്ത് കോർഡിനേറ്റർമാർക്ക് ഓണറേറിയം ലഭിച്ചിട്ട് ഒന്നര വർഷത്തിലേറെ
തിരുവനന്തപുരം: സംസ്ഥാനത്തെ യൂത്ത് കോർഡിനേറ്റർമാർക്ക് 20 മാസമായി ഓണറേറിയം ലഭിക്കുന്നില്ലെന്ന് പരാതി. സർക്കാർ പരിപാടികളുടെ നടത്തിപ്പിലും ഏകോപനത്തിലും പ്രവർത്തിക്കുന്ന കോർഡിനേറ്റർമാരാണ് മാസങ്ങളായി വേതനം ലഭിക്കാതെ തുടരുന്നത്. ഓണറേറിയം ലഭിക്കാത്തതിനാൽ ഇത്തവണ ഓണം ആഘോഷിക്കുന്നതും പ്രതിസന്ധിയിലാണെന്ന് കോർഡിനേറ്റർമാർ പറയുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡിന് കീഴിലാണ് യൂത്ത് കോർഡിനേറ്റർമാർ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, കേരളോത്സവങ്ങളുടെ നടത്തിപ്പിൽ പങ്കാളികളാകുക, യുവാക്കൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ ചുമതലകളാണ് ഇവർക്കുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മൂന്ന് യൂത്ത് കോർഡിനേറ്റർമാരും നഗരസഭകൾക്ക് കീഴിൽ രണ്ട് പേരും കോർപ്പറേഷനുകൾക്ക് കീഴിൽ ഒരാളുമാണ് പ്രവർത്തിക്കുന്നത്. യൂത്ത് കോർഡിനേറ്റർമാർക്ക് പ്രതിമാസം 7,500 രൂപയും ജില്ലാ യൂത്ത് കോർഡിനേറ്റർമാർക്ക് 15,000 രൂപയുമാണ് ഓണറേറിയമായി ലഭിക്കുന്നത്.
എന്നാൽ കഴിഞ്ഞ 20 മാസമായി സംസ്ഥാനത്തെ കോർഡിനേറ്റർമാർക്ക് ഓണറേറിയം ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഇതുസംബന്ധിച്ച് എൽഡിഎഫ് സർക്കാരിനും യുഡിഎഫ് സർക്കാരിനും അപേക്ഷകൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കോർഡിനേറ്റർമാർ പറയുന്നു.
