വളാഞ്ചേരിയിൽ ഓണസമൃദ്ധി കാർഷിക ചന്തയ്ക്ക് തുടക്കം
വളാഞ്ചേരി: കേരള സർക്കാരിന്റെ കൃഷിവകുപ്പിന്റെയും വളാഞ്ചേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി 2026 കാർഷിക ചന്തയ്ക്ക് വളാഞ്ചേരി കൃഷിഭവനിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ചന്ത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർ പേഴ്‌സൺ കെ.വി ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷാജി മോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ ടി.പി അബ്ദുൾ ഗഫൂർ, റാഷിദ് മച്ചിഞ്ചേരി, കെ.പി അബ്ദുൾ റസാഖ്, പി.പി യഹ്‌യ, സുലൈഖ കാരക്കാടൻ, വളാഞ്ചേരി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സമീർ അലി, എ.ഡി.സി അംഗങ്ങളായ ബീരാൻ കപ്പൂരത്ത്, ഉമ്മർ, സരിത, ശശികല, മൂസ തയ്യിൽ തുടങ്ങിയവർ സംസാരിച്ചു. ഓണം വിപണി ലക്ഷ്യമിട്ട് കർഷകരിൽ നിന്ന് കമ്പോള വിലയേക്കാൽ 10% കൂടുതൽ വില കൊടുത്ത് സംഭരിച്ച് 30% വിലകുറവിൽ നേരിട്ട് ശേഖരിക്കുന്ന നാടൻ കാർഷിക ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ഗുണമേന്മയോടെയും മിതമായ നിരക്കിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർഷിക ചന്ത സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 22 മുതൽ 25 വരെയാണ് കാർഷിക ചന്ത പ്രവർത്തിക്കുക. വിവിധ ഇനം പച്ചക്കറികളും ഫ്രൂട്ട്സും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും ചന്തയിൽ ലഭ്യമാകും. ഓണക്കാലത്ത് വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിനൊപ്പം പ്രാദേശിക കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കാന്നതുമാണ് കാർഷിക ചന്തയുടെ ലക്ഷ്യo. കൃഷി ഓഫീസർ ടി.കെ ഫസീല നന്ദി പറഞ്ഞു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
