നേപ്പാളിൽ രണ്ടാം പ്രളയത്തിന് സാധ്യത: നദിയിൽ രൂപപ്പെട്ട തടസ്സങ്ങൾ തകർന്നേക്കാമെന്ന് മുന്നറിയിപ്പ്
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന് പിന്നാലെ മേഖലയില്‍ വീണ്ടും വന്‍ ദുരന്തത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നേപ്പാള്‍-ചൈന അതിര്‍ത്തിക്ക് സമീപം നദിയില്‍ രൂപപ്പെട്ട തടസ്സം ഏതുനിമിഷവും തകര്‍ന്ന് രണ്ടാമതൊരു വെള്ളപ്പൊക്കത്തിന് വഴിവെച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നീ എട്ട് രാജ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റ് (ICIMOD) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് നദിയില്‍ അവശിഷ്ടങ്ങളും പാറക്കല്ലുകളും അടിഞ്ഞുകൂടി താത്കാലിക തടയണകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴി ഉയര്‍ന്ന പ്രദേശങ്ങളില്‍ വലിയതോതില്‍ ജലം കെട്ടിക്കിടക്കുകയാണ്. തടസ്സങ്ങള്‍ പെട്ടെന്ന് തകര്‍ന്നാല്‍ വലിയ പ്രളയമുണ്ടാകും. ഈ സാധ്യത മുന്നില്‍ക്കണ്ട് ജിലോങ് പോര്‍ട്ട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തുടര്‍ച്ചയായ ആഘാതങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നുവാക്കോട്ട്, ധാഡിംഗ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
