logo
AD
AD

'ആകാശത്ത് മിസൈലുകൾ വരുമ്പോൾ വാഗ്ദാനങ്ങൾ കൊണ്ട് സംരക്ഷണം ലഭിക്കില്ല'; ഇറാനെതിരെ നിലപാട് കടുപ്പിച്ച് യുഎഇ

ദുബൈ: ജിസിസി രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ആറ് മാസം പിന്നിടുമ്പോൾ, ഇറാന്റെ വെറും വാഗ്ദാനങ്ങളിൽ ഇനി വിശ്വാസമില്ലെന്ന് യുഎഇ. ഭാവിയിൽ സുരക്ഷാ കരാറുകൾ ഉണ്ടാകണമെങ്കിൽ പരിശോധിച്ചുറപ്പാക്കാവുന്ന കർശനമായ വ്യവസ്ഥകളും നടപടികളും വേണമെന്ന് മുതിർന്ന യുഎഇ നയതന്ത്രജ്ഞനും അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ ദാഹിരി പറഞ്ഞു.

"ഒരു രാജ്യം ആയിരക്കണക്കിന് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കേണ്ടി വരുമ്പോൾ, അർത്ഥശൂന്യമായ ഉറപ്പുകൾക്ക് തന്ത്രപരമായ മൂല്യം നഷ്ടപ്പെടും." അനാവശ്യമായി നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ദശാബ്ദങ്ങളോളം നീണ്ടുനിൽക്കുന്ന കടുത്ത വിശ്വാസ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അൽ ദാഹിരി കൂട്ടിച്ചേർത്തു. ഒമാനും ഖത്തറും ആശയവിനിമയം നിലനിർത്താനുള്ള ശ്രമങ്ങൾ തുടർന്നപ്പോൾ, ഏറ്റവും ദുഷ്കരമായ ഘട്ടങ്ങളിൽ പോലും യുഎഇയുടെ ആശയവിനിമയ മാർ​ഗങ്ങൾ സജീവമായി തുടർന്നിരുന്നു. ആറ് മാസത്തിനിടെ ഉണ്ടായ അക്രമണങ്ങളുടെ ഫലമായി, ഭാവിയിലെ സുരക്ഷാ ക്രമീകരണങ്ങൾ കേവലം അനൗദ്യോഗിക ഉറപ്പുകളെ മാത്രം ആശ്രയിച്ചാകില്ലെന്നും അൽ ദാ​ഹിരി കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത വിഷയമാണ്. യു.എൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം സ്വന്തം പരമാധികാരവും സിവിൽ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാൻ യുഎഇക്ക് പൂർണ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാനുമായി ഇനി നടക്കുന്ന ഏത് തരം നയതന്ത്ര ചർച്ചകളിലും ജിസിസി രാജ്യങ്ങൾക്ക് നേരിട്ട് പ്രാതിനിധ്യം വേണം. ആണവ ശേഷി, ബാലിസ്റ്റിക് മിസൈലുകൾ, ദീർഘദൂര ഡ്രോണുകൾ, പ്രോക്സി നെറ്റ്‌വർക്കുകൾ, സമുദ്ര സുരക്ഷ എന്നിവയെല്ലാം ഒറ്റ ചട്ടക്കൂടിൽ ഒരേസമയം ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Latest News

latest News