logo
AD
AD

പ്രണയത്തർക്കത്തിൽ തുടങ്ങിയ പ്രതികാരം; എംപിഎസ്‌സി പരീക്ഷാ തട്ടിപ്പ് പുറത്ത്, 6 പേർ പിടിയിൽ

ന്യൂഡൽഹി: പരാജയപ്പെട്ട പ്രണയബന്ധത്തിനിടെയുണ്ടായ തർക്കം പുറത്തുകൊണ്ടുവന്നത് മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച. മുൻ കാമുകൻ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ചോർത്തി വിൽപ്പന നടത്തിയെന്ന ആരോപണം പുറത്തുവന്നത്. പൊലീസ് പറയുന്നതനുസരിച്ച്, പരീക്ഷാർഥിയായ റിതുജ പാട്ടീലിന്റെ പിതാവ് അമൃത് പാട്ടീൽ, നന്ദുർബാറിലെ ഒരു കോച്ചിങ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പ്രവീൺ പാട്ടീലിൽ നിന്ന് മകൾക്കായി ചോദ്യപേപ്പർ വാങ്ങുകയായിരുന്നു. പ്രവീണും എംപിഎസ്‌സിയിലെ ചില ഉദ്യോഗസ്ഥരും തമ്മിൽ ആദ്യം അഞ്ച് ലക്ഷം രൂപയുടെ ഇടപാട് നടന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇടപാടിന്റെ ആകെ തുക ഏകദേശം 12 ലക്ഷം രൂപയാണെന്നാണ് പൊലീസ് പറയുന്നത്.

റിതുജ പിന്നീട് ചോദ്യപേപ്പർ അന്നത്തെ കാമുകനായ ഗൗരവ് പാട്ടീലുമായി പങ്കുവച്ചു. മാർച്ച് 22ന് നടന്ന പരീക്ഷയിൽ റിതുജ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗൗരവ് പരാജയപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ബന്ധം വേർപിരിയുകയും ചെയ്തു. റിതുജ സർക്കാർ ജോലി നേടിയതോടെ മറ്റൊരാളുമായി ബന്ധത്തിലാകുമെന്ന ആശങ്കയിലാണ് ഗൗരവ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് എംപിഎസ്‌സിക്ക് ഇ-മെയിൽ വഴി പരാതി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് പരാതി പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ഇതിനകം അന്വേഷണം ആരംഭിച്ചിരുന്നു. വിദഗ്ധർ തയ്യാറാക്കിയ ചോദ്യബാങ്കിൽ നിന്ന് ചോദ്യങ്ങൾ നിയമവിരുദ്ധമായി പുറത്തെടുത്ത് പരീക്ഷയ്ക്ക് മുമ്പ് പുതിയ ചോദ്യപേപ്പർ തയ്യാറാക്കി രഹസ്യമായി വിൽക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാനിയമം, മഹാരാഷ്ട്ര മത്സര പരീക്ഷകൾ നിയമം, 2024, അഴിമതി നിരോധന നിയമം, 1988 എന്നിവ പ്രകാരം കേസെടുത്തു. എംപിഎസ്‌സിയിലെ അസിസ്റ്റന്റ് റൂം ഓഫീസർ വിശ്വേശ്വർ ദത്താത്രയ നകതെ, അണ്ടർ സെക്രട്ടറി അഭിജീത് ഗണപത്രാവു ലെൻഡ്വെ, അസിസ്റ്റന്റ് റൂം ഓഫീസർ ഗോപാൽ ഭട്ടു മറാത്തെ, കാത്യായൻ അക്കാദമി ഡയറക്ടർ പ്രവീൺ ദിലീപ് പാട്ടീൽ, റിതുജയുടെ പിതാവ് അമൃത് നാംദേവ് പാട്ടീൽ, മുൻ കാമുകനും പരാതിക്കാരനുമായ ഗൗരവ് പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കി. സെപ്റ്റംബർ 2 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പിന് കീഴിലെ ഗ്രൂപ്പ് ബി ഡ്രഗ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള മുഴുവൻ നിയമന നടപടികളും എംപിഎസ്‌സി റദ്ദാക്കി. മാർച്ച് 22ന് മഹാരാഷ്ട്രയിലെ ആറ് ഡിവിഷണൽ ആസ്ഥാനങ്ങളിലായാണ് ഓഫ്‌ലൈൻ സ്ക്രീനിങ് പരീക്ഷ നടന്നത്. ജൂൺ 12ന് ഫലം പ്രഖ്യാപിച്ചു. 506 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയത്. ഇതിൽ 488 പേർ ജൂലൈ ഒന്ന് മുതൽ 22 വരെ നടന്ന അഭിമുഖത്തിൽ പങ്കെടുത്തു. ജൂലൈ 22നും 26നും ഇടയിൽ പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ചിലർക്ക് ചോദ്യപേപ്പറോ ചോദ്യങ്ങളോ ലഭിച്ചെന്നും അവ സമൂഹമാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിച്ചെന്നും ആരോപിച്ച് എംപിഎസ്‌സിക്ക് പരാതികൾ ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നിയമന നടപടികൾ പൂർണമായും റദ്ദാക്കാൻ കമ്മീഷൻ തീരുമാനിച്ചത്. അതേസമയം, പുനഃപരീക്ഷ നടത്തുമെന്ന് എംപിഎസ്‌സി വ്യക്തമാക്കി. നേരത്തെ അപേക്ഷിച്ച ഉദ്യോഗാർഥികൾ വീണ്ടും അപേക്ഷിക്കുകയോ അധിക ഫീസ് അടയ്ക്കുകയോ വേണ്ടതില്ലെന്നും കമ്മീഷൻ അറിയിച്ചു.


Latest News

latest News