കാടാമ്പുഴയിൽ വിൽപ്പനക്കെത്തിച്ച 34 ഗ്രാം MDMA യുമായി രണ്ടുപേർ പിടിയിൽ
കാടാമ്പുഴ: കാടാമ്പുഴ, വെട്ടിച്ചിറ ഭാഗങ്ങൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ലഹരിവിൽപനയും ഉപയോഗവും നടത്തുന്ന സംഘത്തിലെ രണ്ടുപേർ 34 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടിയിലായി. 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ടയുടെ ഭാഗമായി ജില്ലാ പോലീസിന്റെ ഇൻഫർമേഷൻ സെല്ലിലേക്ക് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാടാമ്പുഴ പോലീസും ലഹരിവിരുദ്ധ സ്ക്വാഡും പ്രദേശത്ത് രാത്രികാല പരിശോധന ശക്തമാക്കിയത്. തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വെട്ടിച്ചിറയിൽ വെച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പണം നൽകുന്നതിനനുസരിച്ച് ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്ന (ഡ്രോപ്പ് രീതി) സംഘത്തിൽ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് താനൂർ ഡിവൈ.എസ്.പി സുനിൽ പുളിക്കൽ, സി.ഐ യു.കെ. ഷാജഹാൻ എന്നിവർ അറിയിച്ചു. ഡിവൈ.എസ്.പി സുനിൽ പുളിക്കൽ, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ കാടാമ്പുഴ എസ്.ഐ സുകീഷ് കുമാർ, സി.പി.ഒമാരായ ഷിബു, റിയാസ് എന്നിവരും ഡാൻസാഫ് സ്ക്വാഡുമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
