logo
AD
AD

ദേശീയ സരസ് മേള: സംഘാടക സമിതി യോഗം ചേർന്നു

ഏഷ്യയിലെ ഏറ്റവും വലിയ മേളയായ കുടുംബശ്രീ നടത്തുന്ന ദേശീയ സരസ് മേളയ്ക്ക് ഫണ്ട് ഒരു തടസ്സമാകില്ലെന്നും വിപുലമായ രീതിയില്‍ വേങ്ങരയില്‍ മേള നടത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. ഒതുക്കുങ്ങല്‍ ലിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായാണ് സരസ് മേള നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും കൂടുതല്‍ ഏകോപനത്തോടെ മേള വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഇതുവരേയുള്ള ഒരുക്കങ്ങളും മന്ത്രി വിലയിരുത്തി. മേളയ്ക്ക് മലപ്പുറം ആതിഥേയത്വം വഹിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. മേളയുടെ വിജയത്തിനായി രൂപീകരിച്ച വിവിധ കമ്മിറ്റികള്‍ കൃത്യമായ ഏകോപനത്തോടും ജാഗ്രതയോടും കൂടി പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മേളയിലേക്ക് എത്തുന്ന ഓരോ ആളുകളെയും ഊഷ്മളമായി സ്വീകരിക്കാനും അവര്‍ക്ക് ആവശ്യമായ അവസരങ്ങളും സൗകര്യങ്ങളും ഒരുക്കാനും സംഘാടകര്‍ക്ക് ചുമതലയുണ്ട്. പരിപാടി തികച്ചും ഗംഭീരവും കുറ്റമറ്റതുമായി നടത്തേണ്ടത് ഓരോ കമ്മിറ്റിയുടെയും ഉത്തരവാദിത്തമാണ്. മേളയില്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ജാഗ്രതയും മികച്ച സേവനവും പരിപാടിയുടെ വിജയത്തില്‍ നിര്‍ണ്ണായകമാകും. ഇത്രയധികം ജനങ്ങള്‍ പങ്കെടുക്കുന്ന വലിയൊരു മേളയായതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും അതീവ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തേണ്ടതുണ്ട്. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളും തുടര്‍ന്നുള്ള മുന്നൊരുക്കങ്ങളും യോഗം അവലോകനം ചെയ്തു. ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങര കൂരിയാടാണ് ദേശീയ സരസ് മേളയുടെ വേദി. ഇതുവരെ രൂപീകരിച്ച എല്ലാ കമ്മിറ്റികളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് യോഗം സംഘടിപ്പിച്ചത്. ഉപസമിതി യോഗങ്ങളിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കമ്മിറ്റികളുടെയും അഭിപ്രായങ്ങളും ആവശ്യങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. 10 ദിവസം നീളുന്ന മേളയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ഗ്രാമീണ വനിതാ സംരംഭകര്‍ പങ്കെടുക്കും. ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തലില്‍ 250 ഉല്‍പ്പന്ന സ്റ്റാളുകളും അന്‍പതോളം ഭക്ഷ്യ സ്റ്റാളുകളും ഒരുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യവിഭവങ്ങള്‍, ഫുഡ് കോര്‍ട്ട്, വിവിധ കലാ പരിപാടികള്‍, മെഗാഷോകള്‍ എന്നിവയാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍. കൂടാതെ ഹാപ്പിനസ് കോര്‍ണറുകളും സജീവമാകും. എം.എല്‍.എ. മാരായ ടി.വി. ഇബ്രാഹിം, പി.കെ നവാസ്, ടി.പി.അഷ്‌റഫലി, മുന്‍ എം.എല്‍.എ കെ.പി.എ. മജീദ്, കോട്ടക്കല്‍ നഗരസഭാ ചെയര്‍പെഴ്‌സണ്‍ കെ.കെ. നാസര്‍, മലപ്പുറം നഗരസഭാ ചെയര്‍ പെഴ്‌സണ്‍ അഡ്വ. റിന്‍ഷ, വങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബൂ താഹിര്‍, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് പി കെ സി അബ്ദുറഹ്‌മാന്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ, ഗാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുജീബ് പൂളക്കല്‍, സെക്രട്ടറി പി.ആര്‍ രോഹില്‍നാഥ്, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മെഹനാസ്, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എന്‍ ടി അബ്ദുല്‍ നാസര്‍്, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ പി.കെ അസ്‌ലു,മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൗക്കത്ത് കടമ്പോട, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ഷരീഫ് കുറ്റൂര്‍, വസീമ വളേരി, ഹനീഫ മൂന്നിയൂര്‍, ഫൗസിയ പെരുമ്പള്ളി, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാപ്രോഗ്രാം മാനേജര്‍ കെ.എസ് ഹസ്‌കര്‍, വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും അംഗങ്ങളും കുടുംബശ്രീ സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍മാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.


Latest News

latest News