logo
AD
AD

മലബാറിന് ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ പ്രതീക്ഷ; കുസാറ്റ് - എം.ഇ.എ എന്‍ജിനീയറിങ് കോളേജ് അക്കാദമിക് സഹകരണത്തിന് തുടക്കമാകുന്നു

പെരിന്തല്‍മണ്ണ: മലബാറിന്റെ ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും (കുസാറ്റ്) പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളേജും തമ്മില്‍ അക്കാദമിക് സഹകരണത്തിന് കളമൊരുങ്ങുന്നു. സംയുക്ത അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കുസാറ്റ് സിണ്ടിക്കേറ്റ് അംഗം കൂടിയായ നജീബ് കാന്തപുരം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കുസാറ്റ് അധികൃതരും എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് അധികൃതരും തമ്മില്‍ കൂടിക്കാഴ്ച നടന്നു. അക്കാദമിക് സഹകരണം സംബന്ധിച്ച് രേഖകളും നിര്‍ദേശങ്ങളും കോളേജ് അധികൃതര്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫ. ജുനൈദ് ബുഷിരിക്ക് കൈമാറി. നജീബ് കാന്തപുരം നിയമസഭാംഗമെന്ന നിലയില്‍ കുസാറ്റ് സിന്‍ഡിക്കേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ മലബാറില്‍ കുസാറ്റിന്റെ ഒരു കേന്ദ്രം കൊണ്ടുവരുന്നതിനായി ശ്രമം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ സുപ്രധാന ചുവടുവെപ്പ്. മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഉന്നതവിദ്യാഭ്യാസവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ സൗകര്യങ്ങളും സ്വന്തം നാട്ടില്‍ തന്നെ ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കുസാറ്റിലെ പുതിയ കോഴ്‌സുകള്‍ എം.ഇ.എ കോളേജില്‍ എത്തിക്കുന്നതിനാണ് ആദ്യ ശ്രമമുണ്ടാവുക. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ദീര്‍ഘവീക്ഷണത്തിലും പാണക്കാട് കുടുംബത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളിലും വേരൂന്നി പ്രവര്‍ത്തിക്കുന്ന എം.ഇ.എ എന്‍ജിനീയറിങ് കോളേജിന്, കുസാറ്റുമായുള്ള സഹകരണം പുതിയ അക്കാദമിക് സാധ്യതകള്‍ക്ക് വഴിതുറക്കുമെന്ന് നജീബ് കാന്തപുരം പറഞ്ഞു. മുന്‍തലമുറ കണ്ട വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പുതിയ തലമുറയുടെ നേട്ടങ്ങളിലൂടെ തുടര്‍ച്ചയുണ്ടാക്കാനുള്ള ആദ്യ ചുവടുവെപ്പാണിതെന്നും, കുസാറ്റിന്റെ സാന്നിധ്യം മലബാറില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ ഊര്‍ജ്ജിതമായി മുന്നോട്ടുപോകുമെന്നും എം.എല്‍.എ പറഞ്ഞു. എം.ഇ.എ എഞ്ചിനീയര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സാഹിര്‍ വി.കെ., ഡീന്‍ ഡോ. ശ്രീറാം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


Latest News

latest News