logo
AD
AD

വേങ്ങരയിൽ 101.57 ഗ്രാം എം.ഡി.എം.എയും 3.60 ലക്ഷം രൂപയുമായി യുവാവ് പോലീസ് പിടിയിൽ

വേങ്ങര: 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ടയുടെ ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 101.57 ഗ്രാം എം.ഡി.എം.എയും ലഹരിവിൽപ്പന നടത്തി ലഭിച്ച 3.60 ലക്ഷം രൂപയുമായി ലഹരിമാഫിയ സംഘത്തിലെ പ്രധാനി പിടിയിലായി. മലപ്പുറം, കോട്ടക്കൽ, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂർ എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് വൻതോതിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്ന വേങ്ങര പുഴച്ചാൽ കല്ലങ്കയം ചിറയിൽ വീട്ടിൽ ദിൽരാജ് എന്ന ദിലുവിനെയാണ് (38) മലപ്പുറം സബ് ഡിവിഷൻ ഡാൻസാഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ വേങ്ങര പുഴച്ചാൽ കല്ലങ്കയത്തുള്ള ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചില്ലറ വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എയും മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയും കണ്ടെടുത്തത്. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പനയുടെ മറവിലായിരുന്നു പ്രതി ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. വിദേശത്തും ലഹരി വിൽപ്പന നടത്തിയ കേസിൽ പിടിക്കപ്പെട്ട് ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇയാളുടെ അമ്മാവൻ മനോജിനെയും കൂട്ടാളികളെയും 357 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് വള്ളുവമ്പ്രം ചീനിക്കലിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി അനിൽ ബി., നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സുനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ വേങ്ങര സബ് ഇൻസ്പെക്ടർമാരായ മൻസൂർ, രഞ്ജിത്ത്, എ.എസ്.ഐ സംഗീത, സി.പി.ഒ സനൽ, ഡാൻസാഫ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ്‌ സലീം പി., ജസീർ കെ.കെ, ബിജു വി.പി, രഞ്ജിത്ത് ആർ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.


Latest News

latest News