എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കളരി പരിശീലനം: തവനൂരിൽ പദ്ധതിക്ക് തുടക്കമായി
കുട്ടികളുടെ കായികക്ഷമതയും ശാരീരിക-മാനസിക മികവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തവനൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കളരി പരിശീലന പദ്ധതിക്ക് തുടക്കമായി. 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ ഒമ്പത് എൽ.പി സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ഈ അധ്യയന വർഷം കളരി പരിശീലനം നൽകുന്നത്. അയങ്കലം വല്ലഭട്ട കളരി സംഘത്തിലെ സജിത ഗുരിക്കൾ പരിശീലനത്തിന് നേതൃത്വം നൽകും. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി അബൂബക്കർ സിദ്ദിഖ് നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം.കെ മുത്തു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുനിത മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി. അബ്ദുൽ ജലീൽ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.വി ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം ദിവ്യ വാസുദേവ്, അസിസ്റ്റന്റ് സെക്രട്ടറി പ്രേംചന്ദ്, സ്കൂൾ മാനേജർ കെ. ഉണ്ണികൃഷ്ണൻ, പി.ഇ.സി കൺവീനർ എം.എസ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.
