logo
AD
AD

എക്സൈസ് ഉദ്യോഗസ്ഥരുടെ സ്കൂട്ടർ കാറിടിച്ചു വീഴ്ത്തി മുൻ കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു

പെരിന്തൽമണ്ണ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മലപ്പുറം ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനക്കിടെ അങ്ങാടിപ്പുറം വൈലോങ്ങരയിൽ എക്സൈസ് വകുപ്പിന്റെ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച് മുൻ കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു. കാറിൽ വന്ന മുൻ കഞ്ചാവ് കേസ് പ്രതി പുലാമന്തോൾ പരപ്പിൽവീട്ടിൽ സക്കീ (34) റും സംഘവും ചേർന്നാണ് എക്സൈസിന്റെ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ടത്. ഇൻസ്പെക്ടർ ജയേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പിന്നീട് സക്കീറും സംഘവും വാടകയ്ക്ക് താമസിക്കുന്ന പുത്തനങ്ങാടി മാലാപറമ്പ് കുരിശിൻചോട് ഭാഗങ്ങളിലെ വീടുകളിൽ എക്സൈസ് സംഘം പരിശോധന നടത്തി. പരിശോധനയിൽ 14 കിലോയോളം കഞ്ചാവും സക്കീറിന്റെ തിരിച്ചറിയൽ രേഖകളും കണ്ടെത്തി. സക്കീറിനെ പ്രതിചേർത്ത് കേസെടുത്തതായും സംഘത്തിലെ മറ്റാളുകൾക്കായി അന്വേഷണം ഊർജിതമാക്കിയതായും എക്സൈസ് സംഘം അറിയിച്ചു. സക്കീറിനെതിരേ പെരിന്തൽമണ്ണ എക്സൈസിലും ഒറ്റപ്പാലം പോലീസിലും മയക്കുമരുന്ന് കേസുകളുണ്ട്. ഓപ്പറേഷൻ തണ്ടറിന്റെ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് ഇൻസ്പെക്ടർ ആസിഫ് ഇഖ്ബാൽ, പ്രിവന്റീവ് ഓഫീസർ കെ.എസ്. അരുൺകുമാർ, പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. നിപുൺ, കെ. സബീർ, കെ. വിനീത്, നൗഫൽ പഴേടത്ത്, കെ.വി. അനീസ് ബാബു, പി. ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.വി. രൂപിക എന്നിവരും ഉണ്ടായിരുന്നു.


latest News