logo
AD
AD

ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിച്ച് ഐ.എം.എ പെരിന്തൽമണ്ണ

പെരിന്തൽമണ്ണ: പ്രശസ്ത വൈദ്യശാസ്ത്രജ്ഞനും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബിധാൻ ചന്ദ്ര റോയിയുടെ സ്മരണാർത്ഥം ആചരിക്കുന്ന ദേശീയ ഡോക്ടേഴ്സ് ദിനം ഐ.എം.എ. (IMA) പെരിന്തൽമണ്ണയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഐ.എം.എ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തിന്റെ പുരോഗതിയിൽ ഡോക്ടർമാരുടെ ആത്മസമർപ്പണം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എം.എ പെരിന്തൽമണ്ണ പ്രസിഡന്റ് ഡോ. ഷറഫുദ്ദീൻ കെ. പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചപ്പോൾ, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജയകൃഷ്ണൻ എ.വി. മുഖ്യ പ്രഭാഷണം നടത്തി ഡോക്ടേഴ്സ് ദിനസന്ദേശം കൈമാറി. ചികിത്സാരംഗത്ത് ദീർഘകാലം മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോ. ഹേമ ശശിധരൻ, ഡോ. അബ്ദുറഹിമാൻ ചോലയിൽ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം 'എമർജൻസി ലൈഫ് സപ്പോർട്ട്' (ELS) പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. പി. ശശിധരന്റെ സേവനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഐ.എം.എ കേരള സംസ്ഥാന മികച്ച ജൂനിയർ ഡോക്ടർ പുരസ്കാരം നേടിയ ഡോ. മുഹമ്മദ് അനസ് കെ. പി. യെ ചടങ്ങിൽ അനുമോദിച്ചു. അക്കാദമിക-പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച ഐ.എം.എ അംഗങ്ങളുടെ മക്കൾക്കുള്ള എക്സലൻസ് അവാർഡുകൾ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ചേർന്ന് വിതരണം ചെയ്തു. പരിപാടിയുടെ തുടക്കത്തിൽ ഐ.എം.എ പെരിന്തൽമണ്ണയിലെ അന്തരിച്ച അംഗങ്ങളെ അനുസ്മരിച്ചുകൊണ്ട്, അവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മെമ്മോറിയൽ സർവീസ് സംഘടിപ്പിച്ചു. വരാനിരിക്കുന്ന സെപ്റ്റംബർ 13-ന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന ഐ.എം.എ സംസ്ഥാന AMS കോൺഫറൻസിന്റെ വിജയത്തിനായി പ്രസിഡന്റ് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. ശ്രീമതി സബിത സലീമിന്റെ നേതൃത്വത്തിൽ ഐ.എം.എ അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ്, നൃത്തം, ഗാനങ്ങൾ എന്നിവയുൾപ്പെട്ട വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഡോക്ടർമാരുടെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച സ്കിറ്റ് ഏറെ ശ്രദ്ധേയമായി. ഡോ. ഷാജി അബ്ദുൽ ഗഫൂർ അതിഥികളെ പരിചയപ്പെടുത്തി. ഡോക്ടർമാരായ സന്തോഷ് കുമാർ എം., വി. യു. സീതി, കെ. എ. സീതി, ജലീൽ കെ. ബി., ആശിഷ് നായർ, രാജീവ് ടി., പവിത്ര ബി. എൻ., നിഷ എം., ദിലീപ് എം. എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഡോ. സയ്യിദ് ഫൈസൽ സി. നന്ദി രേഖപ്പെടുത്തിയ ചടങ്ങ് ദേശീയഗാനത്തോടെ സമാപിച്ചു.


latest News