കർഷകസഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു
തവനൂർ: കൃഷിവകുപ്പിന്റെയും തവനൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേലചന്തയും തവനൂരിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബുബക്കർ സിദ്ധിഖ് സി.വി. ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിത സി. അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നയന വി.ആർ. പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന കൃഷിവകുപ്പിന്റെ "ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം" പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതല പച്ചക്കറി വിത്ത് വിതരണത്തിനും ചടങ്ങിൽ തുടക്കമായി. പ്രാദേശിക കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ കാർഷിക ഉൽപ്പന്നങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ, ജൈവവളങ്ങൾ, നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിപണനവും വിതരണവും ഞാറ്റുവേലചന്തയുടെ പ്രധാന ആകർഷണമായി. എസ്.ബി.ഐ. ബാങ്ക് ഓഫീസർ വിദ്യ കാർഷിക വായ്പാ പദ്ധതികളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. ചന്ത സന്ദർശിച്ച എല്ലാവർക്കും സൗജന്യമായി പച്ചക്കറി തൈകളും വിതരണം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ജലീൽ പി., ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കെ.വി., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുത്തു എം.കെ., പഞ്ചായത്ത് സെക്രട്ടറി സെലിം, അസിസ്റ്റന്റ് കൃഷി ഓഫീസർ ഫാത്തിമ, ഗിരീഷ് സി., ശ്രീലത എന്നിവർ ചടങ്ങിൽ സംസാരിച്ചു.
