സദാനന്ദൻ വെള്ളിലയുടെ ‘ചിരിക്കുന്ന നോവുകൾ’ കവിതാസമാഹാരം പ്രകാശനം ചെയ്തു
പ്രവാസിയും കവിയുമായ സദാനന്ദൻ ടി.പി. വെള്ളിലയുടെ 'ചിരിക്കുന്ന നോവുകൾ' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. വെള്ളില ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് പ്രശസ്ത കവിയും ചലച്ചിത്ര രചയിതാവും സിനിമാ നിർമാതാവുമായ പ്രഭാകരൻ നറുകര പുസ്തക പ്രകാശനം നിർവ്വഹിച്ചു. മുൻ തച്ചോത്ത് സ്കൂൾ അധ്യാപകനും കവിയുമായ കരിം മാസ്റ്റർ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. തച്ചോത്ത് വാർഡ് മെമ്പർ സാദിക്കലി വെള്ളിലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ. ശശികുമാർ സ്വാഗതം ആശംസിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന സദാനന്ദന്റെ പ്രത്യേക ആഗ്രഹപ്രകാരം ചടങ്ങിൽ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹത്തിന്റെ പ്രിയ അധ്യാപകരായ വർഗീസ് മാസ്റ്റർ, ദേവി ടീച്ചർ എന്നിവരുടെ സാന്നിധ്യം പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. സദാനന്ദൻ പഠിച്ച എം.എ.എം. യു.പി. സ്കൂൾ (തച്ചോത്ത്) ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കവിയുടെ ഭാര്യ സ്കൂൾ പ്രധാനാധ്യാപിക ഉമൈബ ടീച്ചർക്ക് കൈമാറി. കൂടാതെ, വെള്ളില ആസാദ് വായനശാലയിലേക്കുള്ള പുസ്തക സമർപ്പണം വായനശാലയുടെ സ്ഥാപകാംഗമായ വർഗീസ് മാസ്റ്റർ നിലവിലെ സെക്രട്ടറി ഗണപതി മാസ്റ്റർക്ക് നൽകി നിർവ്വഹിച്ചു. അൻപതിലേറെ കവിതകൾ ഉൾക്കൊള്ളിച്ച ഈ പുസ്തകത്തിന് 180 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഈ സാംസ്കാരിക കൂട്ടായ്മയിൽ ഇരുപതാം വാർഡ് മെമ്പർ ഫസീലത്ത്, തച്ചോത്ത് സ്കൂൾ പ്രധാനാധ്യാപിക ഉമൈബ ടീച്ചർ, കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. ഷൗക്കത്തലി മാസ്റ്റർ, ഗണപതി മാസ്റ്റർ, സത്യൻ മാസ്റ്റർ, ഷറഫുദ്ദീൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കവിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്ത, മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ചടങ്ങിന് വെള്ളില ജനകീയ വേദിയുടെ സംഘാടകനായ രാമചന്ദ്രൻ കാരാട്ട് നന്ദി രേഖപ്പെടുത്തിയതോടെ സമാപനമായി.
