പുഴക്കാട്ടിരി - രാമപുരം റൂട്ടിൽ ബസ് സർവീസ് അനുവദിക്കണം; എം.എൽ.എയ്ക്ക് യൂത്ത് കോൺഗ്രസ് നിവേദനം
രാമപുരം: പുഴക്കാട്ടിരി പഞ്ചായത്തും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന രാമപുരം–പുഴക്കാട്ടിരി–മണ്ണുംകുളം–പുത്തനങ്ങാടി റൂട്ടിൽ മലപ്പുറത്തുനിന്ന് പെരിന്തൽമണ്ണയിലേക്കും (എം.ഇ.എസ്. വഴി കുളത്തൂരിലേക്കും) ബസ് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുഴക്കാട്ടിരി മണ്ഡലം കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി. ഈ റൂട്ടിലൂടെ നിരവധി വിദ്യാലയങ്ങൾ, കോളേജുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്നതിനാൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും യാത്രാസൗകര്യം വർധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. അതോടൊപ്പം, സംസ്ഥാന സർക്കാർ നടപ്പാക്കിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം മങ്കട മണ്ഡലത്തിലെ പെരിന്തൽമണ്ണ–കോട്ടക്കൽ റൂട്ടിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും ലഭ്യമാക്കുന്നതിനായി ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി പ്രണവ് സാനു, സൂര്യ കിരൺ, കെ.എസ്.യു. ഭാരവാഹി അജയ് ദേവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
