തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് ബൂത്തുകള്‍ ഉള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്.
മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), ക്രമക്കേടുകളോ ഗുരുതരമായ ലംഘനങ്ങളോ ആരോപിച്ച് റീപോളിങ് നടത്താന്‍ ഉത്തരവിട്ട ബൂത്തുകള്‍, അക്രമം/ക്രമസമാധാന സംഭവങ്ങള്‍, ദുര്‍ബല ജനസംഖ്യാ വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങള്‍, ക്രിമിനല്‍ ഘടകങ്ങളുടെ സ്വാധീനമുള്ള മേഖലകള്‍, ഭൂമിശാസ്ത്രപരമായ/വിദൂര ഘടകങ്ങള്‍, പ്രചാരണ ലംഘനങ്ങള്‍ / മാതൃകാ കോഡ് ലംഘനങ്ങള്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഭീഷണികള്‍ തുടങ്ങിയവയാണ് പ്രശ്നബാധിത ബൂത്തുകള്‍ തിരിച്ചറിയാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍. ഇത്തരം പ്രശ്നബാധിത ബൂത്തുകളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കും.
