350 ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
പാലക്കാട് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫോസ്‌കോസ് (FOSCOS) സ്പെഷ്യല്‍ സ്‌ക്വാഡ് 350 ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പരിശോധന നടത്തിയത്. 35 സ്ഥാപനങ്ങള്‍ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. കൂടാതെ രജിസ്ട്രേഷന്‍ വിഭാഗത്തില്‍ നിന്നു ലൈസന്‍സ് വിഭാഗത്തിലേക്ക് മാറേണ്ട സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 25 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിലേക്ക് മാറുന്നതിനായി തിരുത്തല്‍ നോട്ടീസും (Rectification Notice) നല്‍കി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ സാധുവായ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്ട്രേഷനോടുകൂടിയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കുന്നതിനായായിരുന്നു പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്. നിയമലംഘനം കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ക്ക് പിഴ നല്‍കുകയും 11 കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഭക്ഷ്യ നിര്‍മ്മാണ, സംഭരണ, വിതരണ സ്ഥാപനങ്ങള്‍, വില്പന കേന്ദ്രങ്ങള്‍, പേയിങ്ങ് ഗസ്റ്റ്/ ഹോസ്റ്റല്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍, വീടുകളിലെ നിര്‍മ്മാണ സംരംഭങ്ങള്‍, പച്ചക്കറി, മത്സ്യ വില്‍പ്പന നടത്തുന്ന മൊബൈല്‍ വ്യാപാരികള്‍, വഴിയോര കച്ചവടക്കാര്‍, ഭക്ഷ്യ-സ്റ്റാളുകള്‍ എന്നിവ കര്‍ശ്ശനമായും എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കണമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിനായി വരും മാസങ്ങളിലും പ്രത്യേക സ്‌ക്വാഡ് പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യവ്യാപാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പാലക്കാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
