ആലിപ്പറമ്പ് ഹൈസ്കൂൾ - വില്ലേജ് റോഡിലെ തകർന്ന ഭാഗം അപകട ഭീഷണിയാകുന്നു
ആലിപ്പറമ്പ്: ആലിപ്പറമ്പ് ഹൈസ്കൂൾ-വില്ലേജ് റോഡിലെ മഴവെള്ളം ഒഴുകി തകർന്നഭാഗം അപകട ഭീഷണിയാകുന്നു. ആലിപ്പറമ്പ് വില്ലേജ് ഓഫീസിന് സമീപത്തെ പാടശേഖരത്തിന് കുറുകെയുള്ള റോഡിന്റെ ഭാഗമാണ് തകർന്നത്. പാടശേഖരത്തിൽ മഴവെള്ളം മൂടി റോഡിൽക്കൂടി ഒഴുകിയാണ് റോഡിന്റെ പടിഞ്ഞാറുഭാഗത്തെ പാർശ്വഭിത്തി തകർന്നത്.
പത്ത് മീറ്ററോളം നീളത്തിൽ തകർന്നിട്ടുണ്ട്. ടാർചെയ്ത ഭാഗം മുതലുള്ള മണ്ണ് മൂന്ന് മീറ്ററോളം ആഴത്തിൽ ഒലിച്ചുപോയിട്ടുണ്ട്. എതിരേ വരുന്ന വാഹനങ്ങൾക്ക് വശംകൊടുക്കുമ്പോൾ മഴവെള്ളത്തിൽ മണ്ണ് ഒലിച്ചുപോയിട്ടുണ്ടായ ഗർത്തത്തിലേക്ക് വീഴാനുള്ള സാധ്യതയേറെയാണ്. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ ഇതിലേ ഓടുന്നുണ്ട്. പ്രശ്നത്തിന് പരിഹാരംകാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.