logo
AD
AD

വോട്ടുചെയ്യാൻ മുഹമ്മദലി പറന്നെത്തി; 65 പേരുമായി

കാളികാവ് : 65 പേരുടെ കൂറ്റൻ സംഘത്തെ നയിച്ചാണ് പ്രവാസി വ്യവസായ പ്രമുഖൻ കാളികാവ് പൂങ്ങോട് സ്വദേശി വി.പി. മുഹമ്മദലി (ആലുങ്ങൽ മുഹമ്മദലി) വോട്ടു ചെയ്യാനെത്തിയത്. എല്ലാവരുടെയും യാത്രച്ചെലവുകൾ വഹിച്ചത് അദ്ദേഹത്തിന്റെ വി.പി. ഗ്രൂപ്പ്.⁣ ⁣ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള ജിദ്ദ നാഷണൽ ഹോസ്പിറ്റൽ, അൽ റയാൻ ഇന്റർനാഷണൽ ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളിലെ ജോലിക്കാരും ബന്ധുക്കളുമാണ് വോട്ടുചെയ്യാൻ മാത്രമായി നാട്ടിലെത്തിയത്. സ്ഥിരമായി വോട്ടുചെയ്യാനെത്താറുണ്ട് മുഹമ്മദലി. പലരും കഴിഞ്ഞ തവണയുംവന്ന് വോട്ടുചെയ്തവരാണ്. ചിലരാകട്ടെ വർഷങ്ങൾക്കുശേഷം വോട്ടുചെയ്യുന്നവരും. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിന്നുകാണാൻ ആരെക്കാളും പ്രവാസികൾ ആഗ്രഹിക്കുന്നുണ്ടെന്നും അവസരം പാഴാക്കാതിരിക്കാനാണ് തൊഴിലാളികളടങ്ങുന്ന സംഘത്തെ നാട്ടിലെത്തിച്ചെതെന്നും മുഹമ്മദലി പറഞ്ഞു.⁣ ⁣ ഒരാൾക്ക് വോട്ടു ചെയ്തുമടങ്ങാൻ 50,000 രൂപയ്ക്കു മുകളിൽ ചെലവുണ്ട്. സംഘത്തെ വോട്ടുചെയ്യിച്ച് തിരിച്ചുകൊണ്ടുപോകാൻ ഒന്നരക്കോടിയിലേറെ രൂപയാണ് വി.പി. ഗ്രൂപ്പ് ചെലവഴിച്ചത്. ബുധനാഴ്ച രാവിലെ എത്തിയ മുഹമ്മദലി വെള്ളിയാഴ്ച ജിദ്ദയിലേക്ക് മടങ്ങും. മറ്റുള്ളവർ വിമാനടിക്കറ്റ് ലഭിക്കുന്നമുറയ്ക്ക് തിരിച്ചുപോകും.⁣ ⁣ വി.വി.ഗ്രൂപ്പിന്റെ ഫാർമസി തലവൻ വി.പി. അബ്ദുൽ സലാം (കുഞ്ഞിമാൻ) ഇലക്ട്രോണിക് യന്ത്രത്തിൽ ആദ്യമായാണ് വോട്ടു ചെയ്തത്. മുഹമ്മദലിയും അബ്ദുൽ സലാമും കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുപതിലേറെപ്പേർ കാളികാവ് പൂങ്ങോട് ഗവ. എൽ.പി. സ്കൂളിലെ ബൂത്തിൽ വോട്ടുരേഖപ്പെടുത്തി. വോട്ടർമാർക്കുള്ള സൗകര്യം ഒരുക്കുന്നതിന് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വി.പി. ഷിയാസ് നേതൃത്വം നൽകി.

latest News