പാലക്കാട് ഉപതിരഞ്ഞെടുപ്പ്: 1,94,706 വോട്ടര്‍മാര്‍ ബൂത്തിലേക്ക്
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20 ബുധനാഴ്ച നടക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്.
രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച പൂര്‍ത്തിയായി. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ കേന്ദ്രത്തില്‍ വെച്ചാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.
നാല് ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ആകെ 736 പോളിങ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ടാവും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിങ് നടത്തുന്നുണ്ട്.