ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മിക്കുന്നു; 25.50 ലക്ഷം അനുവദിച്ച് ഉത്തരവിറക്കി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമിക്കുന്നു. ഇതിനായി 25.50 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. പാസഞ്ചർ ലിഫ്റ്റാണ് പണിയുന്നത്. ഇതാദ്യമായാണ് ക്ലിഫ്ഹൗസിൽ ലിഫ്റ്റ് നിർമിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവുചുരുക്കാൻ ധനമന്ത്രാലയം മന്ത്രിമാർക്കടക്കം നിർദേശം നൽകിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ലിഫ്റ്റ് നിർമിക്കാനുള്ള നീക്കം. നേരത്തെ, ക്ലിഫ് ഹൗസിനു ചുറ്റുമതിലും കാലിത്തൊഴുത്തും നിർമിക്കാനായി 42 ലക്ഷം അനുവദിച്ചിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തു.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് ഇന്നോവ കാർ വാങ്ങാൻ കഴിഞ്ഞ ദിവസം 32 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. കണ്ണൂർ തോട്ടടയിലെ ഷോറൂമിൽനിന്ന് കാർ വാങ്ങാനാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.