logo
AD
AD

പട്ടാമ്പി മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും

പട്ടാമ്പി: നഗരസഭയുടെ മാലിന്യസംസ്കരണ പ്ലാന്റിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നഗരസഭാധ്യക്ഷൻ ടി.പി. ഷാജിയും സംഘവും പ്ലാന്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജൈവ-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിക്കുന്നതിനും സംസ്കരിക്കുന്നതിനും നിലവിലുള്ള തടസ്സങ്ങൾ നീക്കാൻ സന്ദർശനത്തിൽ തീരുമാനമായി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ നിലവിൽ പ്ലാന്റിൽ സ്ഥലപരിമിതിയുണ്ടെന്നും മതിയായ കെട്ടിട സൗകര്യമില്ലെന്നും ഹരിതകർമസേനാംഗങ്ങൾ അധ്യക്ഷനെ അറിയിച്ചു. മാലിന്യങ്ങൾ തരംതിരിക്കുന്നത് വേഗത്തിലാക്കാൻ പുതിയ കെട്ടിടം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായും ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകിയതായും ടി.പി. ഷാജി പറഞ്ഞു.

പ്ലാന്റിലെ പ്രവർത്തനങ്ങൾ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കൃത്യമായി വിലയിരുത്തണമെന്നും അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ കാലതാമസം വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയെ മാലിന്യമുക്തമാക്കുന്ന ഹരിതകർമസേനയ്ക്ക് പൂർണ്ണ പിന്തുണയും നഗരസഭ ഉറപ്പുനൽകി. വൈസ് ചെയർപേഴ്‌സൺ അസ്‌നാ ഹനീഫ, സ്ഥിരംസമിതി അധ്യക്ഷൻ ജിതേഷ് മോഴിക്കുന്നം, ആരോഗ്യ-എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Latest News

latest News