ആറങ്ങോട്ടുകരയിൽ തെരുവുനായ ആക്രമണം: അടിയന്തര നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ പരാതി നൽകി
ആറങ്ങോട്ടുകര: ആറങ്ങോട്ടുകര സെന്ററിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുകയും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നേരെ ആക്രമണമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പരാതി നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിലാണ് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി സമർപ്പിച്ചത്.
ജനുവരി 13-ന് നടന്ന നായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ജനങ്ങളുടെയും വ്യാപാരികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് എ.കെ. അബൂബക്കർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിബിലേഷ്, സെക്രട്ടറി കുമാർ എന്നിവർക്കാണ് പരാതി കൈമാറിയത്. അഞ്ചാം വാർഡ് മെമ്പർ കെ.പി. ജിഷയുടെ സാന്നിധ്യത്തിലായിരുന്നു പരാതി നൽകിയത്.
