പാലിയേറ്റീവ് ദിനം: ചാലിശ്ശേരിയിൽ സ്നേഹസംഗമ റാലി നടത്തി
ചാലിശ്ശേരി: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'സ്നേഹസംഗമ റാലി' നടത്തി. ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ നിന്ന് വാദ്യഘോഷങ്ങളോടെ ആരംഭിച്ച റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ വിപുലമായ പങ്കാളിത്തം റാലിയിൽ ഉണ്ടായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ആനി വിനു, സിജി സാബു, സവിത അജി എന്നിവരും പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, സി.ഡി.എസ്. ചെയർപേഴ്സൺ ലത സൽഗുണൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. കെ. ആതിര, ഡോ. അമൃത എന്നിവർ റാലിക്ക് നേതൃത്വം നൽകി.
പാലിയേറ്റീവ് നഴ്‌സുമാരായ സി.സി. മേരിക്കുട്ടി, ആർ. റീജ, ഫിസിയോ തെറാപ്പിസ്റ്റ് ഷംന, എം.എൽ.എസ്.പി. സ്റ്റാഫ്, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, ചാലിശ്ശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാർ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സമാപിച്ച റാലിക്കൊടുവിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കെ. ആതിര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
