കഞ്ചാവ് ഉണക്കാനിട്ട് അരികിൽ സുഖനിദ്ര; യുവാവ് കോഴിക്കോട് ബീച്ചിൽ പിടിയിൽ
കോഴിക്കോട്: വിൽപ്പനയ്ക്കായി കർണാടകയിൽ നിന്നും എത്തിച്ച കഞ്ചാവ് കോഴിക്കോട് ബീച്ചിൽ ഉണക്കാനിട്ട് അതിനരികിൽ കിടന്നുറങ്ങിയ യുവാവ് പോലീസ് പിടിയിലായി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. വിചിത്രമായ രീതിയിൽ കഞ്ചാവ് വിൽപ്പനയ്ക്ക് ശ്രമിച്ച ഇയാളെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ബീച്ചിൽ നടക്കാനിറങ്ങിയവരും വോളിബോൾ, ഫുട്ബോൾ എന്നിവ കളിക്കാനെത്തിയവരുമാണ് മണൽപരപ്പിൽ പായ വിരിച്ച് ഒരാൾ കിടന്നുറങ്ങുന്നത് കണ്ടത്. ഇയാൾക്ക് തൊട്ടരികിലായി പേപ്പറുകളിൽ എന്തോ ഉണക്കാനിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അത് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവർ ടൗൺ എസിപിയെയും വെള്ളയിൽ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് ഏകദേശം 370 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കർണാടകയിൽ നിന്ന് എത്തിച്ച കഞ്ചാവ് വിൽക്കുന്നതിന് മുന്നോടിയായി ഉണക്കാനിട്ടതായിരുന്നു റാഫി. എന്നാൽ ഉണങ്ങുന്നതുവരെ കാത്തിരുന്ന ഇയാൾ അവിടെത്തന്നെ ഉറങ്ങിപ്പോയി. നേരം പുലർന്നതും നാട്ടുകാർ ചുറ്റും കൂടിയതും ഇയാൾ അറിഞ്ഞിരുന്നില്ല. ഇയാൾ ഇതിനുമുമ്പും സമാനമായ രീതിയിൽ കർണാടകയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് പുറമെ മറ്റാർക്കെങ്കിലും ഈ ഇടപാടിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
