logo
AD
AD

പാചക വാതക പ്രതിസന്ധി: കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും തടയാന്‍ കര്‍ശന പരിശോധന

പാലക്കാട് ജില്ലയില്‍ പാചകവാതക വിതരണത്തില്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ ലക്ഷ്യമിട്ട് സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ജില്ലയിലെ മുഴുവന്‍ ഗ്യാസ് ഏജന്‍സികളിലെയും സിലിണ്ടറുകളുടെ നിലവിലെ നീക്കിയിരുപ്പ്, വിതരണത്തിലെ കാലതാമസം എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധനകള്‍ തുടരുമെന്നും, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, നിയമലംഘനം തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും, പൊതുജനങ്ങള്‍ ആശങ്ക പ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എ. എസ് ബീന അറിയിച്ചു. എല്‍.പി.ജി ക്ഷാമം മുതലെടുത്ത് ചില കേന്ദ്രങ്ങളില്‍ അനധികൃത വില്‍പന നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.

latest News