തുമ്പൂർമുഴി ജൈവമാലിന്യ സംസ്കരണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോട്ടക്കൽ നഗരസഭയിലെ വിവിധ സ്കൂളുകളിൽ സ്ഥാപിച്ച തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റ് സംവിധാനങ്ങളുടെ ഉദ്ഘാടനം കുറ്റിപ്പുറം എ.എം.എൽ.പി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ.കെ. നാസർ നിർവഹിച്ചു. വില്ലൂർ എ.എം.എൽ.പി സ്‌കൂൾ, കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പദ്ധതികളുടെ ഉദ്‌ഘാടനവും നടന്നു. നഗരസഭാ വൈസ് ചെയർപേഴ്സൺ പാറോളി റംല ടീച്ചർ അധ്യക്ഷത വഹിച്ചു.
ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് എന്നിവയുടെ 80 ശതമാനം ഫണ്ടും സംസ്ഥാന സർക്കാരിന്റെ 20 ശതമാനം വിഹിതവും ഉൾപ്പെടെ ഏകദേശം 27.3 ലക്ഷം രൂപ ചെലവഴിച്ചാണ് നാല് സ്കൂളുകളിലായി അഞ്ച് യൂണിറ്റുകൾ നിർമ്മിച്ചത്. മലപ്പുറം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് സാങ്കേതിക-പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മാണം പൂർത്തിയാക്കിയത്.
സ്കൂളുകളിലെ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റുന്നതാണ് ഈ പദ്ധതി. ഉല്പാദിപ്പിക്കുന്ന ജൈവവളം സ്കൂളുകളിലെ തന്നെ കൃഷിക്കും പൂന്തോട്ടങ്ങൾക്കും ഉപയോഗിക്കും. പദ്ധതിയുടെ നടത്തിപ്പിനായി എൻ.എസ്.എസ്, സീഡ് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നഗരസഭയുടെയും ജില്ലാ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഇവർക്ക് ആവശ്യമായ പരിശീലനവും നൽകും.
