പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ സൗജന്യ കലാ പരിശീലനത്തിന് തുടക്കമായി

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മുഖേനെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരമുള്ള ഈ വർഷത്തെ സൗജന്യ കലാ പരിശീലന പരിപാടികൾക്ക് തുടക്കമായി. പരിശീലന പരിപാടികളുടെ ഉദ്ഘാടനം പുലാമന്തോൾ പാലൂരിലെ ദക്ഷിത് എന്ന കുട്ടിക്ക് രേഖകൾ കൈമാറികൊണ്ട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മുസ്തഫ നിർവഹിച്ചു.
മോഹിനിയാട്ടം കഥകളി ചിത്രരചന എന്നീ വിഷയങ്ങളിലുള്ള പരിശീലനമാണ് ആരംഭിച്ചിട്ടുള്ളത്. ഇതിനു പുറമേ മാപ്പിളപ്പാട്ട്,ശാസ്ത്രീയ സംഗീതം, മ്യൂസിക്, വീണ എന്നീ വിഭാഗങ്ങളിൽ കൂടി പരിശീലനം അടുത്തമാസം മുതൽ ആരംഭിക്കുമെന്നും സാംസ്കാരിക വകുപ്പ് നിശ്ചയിക്കുന്ന യോഗ്യരായ പരിശീലകർ നയിക്കുന്ന ക്ലാസുകൾ ആയതിനാൽ എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എ.കെ മുസ്തഫ അറിയിച്ചു.
കഴിഞ്ഞവർഷത്തെ പരിശീലനത്തിൽ പങ്കെടുത്തവരിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച രണ്ട് കുട്ടികൾക്ക് വിവിധ ടിവി ചാനലുകളിലെ മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പാർവതി.കെ,മെമ്പർ മുഹമ്മദ്നെയിം, വജ്ര ജൂബിലി പദ്ധതിയുടെ ജില്ലാ കോഡിനേറ്റർ ഉസ്മാൻ ഇ .കെ ,പരിശീലകരായ സായി കാർത്തിക് പി, ഷംന ഷെറിൻഎം,ശ്രീനന്ദന.വി,സുധീഷ് സി. പി എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.