logo
AD
AD

"ചീള് പിള്ളേരുടെ ഞെരിപ്പ് പ്രകടനം"; പ്രിവ്യൂ ഷോയിൽ കൈയ്യടി വാങ്ങി മൂൺവാക്ക്

മലയാള സിനിമയ്ക്ക് വീണ്ടും ഒരുകൂട്ടം നവാഗതരായ പ്രതിഭകളെ സമ്മാനിക്കുകയാണ് മൂൺ വാക്ക് എന്ന ചിത്രം. ഇന്നലെ കൊച്ചിയിൽ നടന്ന മൂൺവാക്കിന്റെ പ്രീമിയർ ഷോ കാണാൻ നിരവധി പേരാണ് എത്തിയത്. ചിത്രത്തിന്റെ പ്രിവ്യൂന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. "ചീള് പിള്ളേരുടെ ഞെരിപ്പ് പ്രകടനം" ഇനി ഞങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണെന്നു ലിജോ ജോസ് പെല്ലിശ്ശേരി പ്രിവ്യൂ ഷോക്ക് ശേഷം പറഞ്ഞു. ഞങ്ങൾ മലർവാടിയിലൂടെ വന്ന് പ്രേക്ഷക സ്വീകാര്യത നേടിയ പോലെ മൂൺ വാക്ക് താരങ്ങളും അവരുടെ പ്രിയപ്പെട്ട താരമാകുമെന്ന്" ഭഗത് മാനുവൽ ഷോ കഴിഞ്ഞു പറഞ്ഞു. മേജർ രവി, ടിനു പാപ്പച്ചൻ, ജിസ് ജോയ്, മഞ്ജു പിള്ള, വിഷ്ണു ഉണ്ണി കൃഷ്ണൻ, സുധി കോപ്പ, രവീന്ദ്രൻ, അഭിമന്യു തിലകൻ, ഗിരീഷ് ഗംഗാധരൻ, ഭഗത് മാനുവൽ, വിപിൻ അറ്റ്ലി, നജീം കോയ, ആൽഫി പഞ്ഞിക്കാരൻ, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങൾ പ്രീവ്യൂ ഷോക്ക് ശേഷം യുവ താരനിരയെയും ചിത്രത്തെയും അഭിനന്ദിച്ചു. മൂൺ വാക്ക് ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.

മൂൺ വാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്കു പുറമെ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം ലഭിക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. മൂൺവാക്കിന്റെ ട്രെയ്ലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ. ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂൺ വാക്കിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ് എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം: അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

Latest News

latest News