പട്ടികജാതി ബിരുദ വിദ്യാർത്ഥികളെ ഉയരത്തിലെത്തിക്കാൻ പ്രത്യേക പദ്ധതിയുമായി നജീബ് കാന്തപുരം എംഎൽഎ

പെരിന്തല്‍മണ്ണ: പട്ടികജാതി, പട്ടിക വർഗ്ഗ കുടുംബങ്ങളിലെ ബിരുദ വിദ്യാർത്ഥികളെ ഉയരത്തിലെത്തിക്കാൻ പ്രത്യേക പദ്ധതിയുമായി നജീബ് കാന്തപുരം എംഎൽഎ. നിയോജകമണ്ഡലത്തിൽ എം.എൽ.എ നടപ്പാക്കുന്ന ക്രിയ പദ്ധതിയുടെ കീഴിലാണ് സദ്ഗ്രാമം എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ബിരുദ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള ഗൈഡൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിദ്യാഭ്യാസ രംഗത്തുള്ള പ്രഗൽഭരുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കും. ഉന്നത പഠനം ഉറപ്പാക്കുന്നതോടൊപ്പം സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമും നടപ്പാക്കും.
പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ ബിരുദ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ ക്രിയ സിവിൽ സർവീസ് അക്കാദമി ഹാളില്‍ നടന്ന പരിപാടി നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിജയൻ ഏലംകുളം അധ്യക്ഷത വഹിച്ചു. തുടര്‍ വിദ്യാഭ്യാസം, വിദേശ പഠനം, തൊഴിൽ, എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ക്ലാസുകളും നടന്നു.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സദ്ഗ്രാമം പദ്ധതിയുടെ കോര്‍ഡിനേറ്ററുമായ റീന പെട്ടമണ്ണ സ്വാഗതം പറഞ്ഞു, ജെ.സി.ഐ. ഇന്ത്യയുടെ പരിശീലകരായ അബ്ദുല്‍ റൗഫ്, ഷബാബ് കോഴിക്കോട്, നബീല്‍ വട്ടപറമ്പ് എന്നിവര്‍ ക്ലാസിന് നേതൃത്വം നൽകി. സാബിര്‍ കാളികാവ് കോര്‍ഡിനേറ്റർമാരായ സതീഷ് മേലാറ്റൂര്‍, ബാലന് താഴെക്കോട്, മുണ്ടന്‍ ഏലംകുളം, പഞ്ചായത്ത് എസ്.സി. പ്രമോട്ടർമാരായ ജിജി, സുനിത, അജിത, ജീജ, രേഷ്മ, രജിഷ, പ്രതീപ് എന്നിവര്‍ സംസാരിച്ചു.