ജില്ലാ പാലിയേറ്റീവ് കെയർ വാരാചരണം പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ സമാപിച്ചു
പെരിന്തൽമണ്ണ: 'സാർവ്വത്രിക പരിചരണം അയൽപക്ക കൂട്ടായ്മയിലൂടെ' എന്ന സന്ദേശവുമായി മലപ്പുറം ജില്ലയിൽ ഒരാഴ്ചയായി നടന്നു വന്ന പാലിയേറ്റീവ് കെയർ ജില്ലാ വാരാചരണത്തിന് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ സമാപനമായി. എം.ഇ.എസ് മെഡിക്കൽ കോളേജ്, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം മലപ്പുറം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമാപന ചടങ്ങ് ആരോഗ്യവകുപ്പ് എ.ഡി.എച്ച്.എസ് ഡോ. സകീന കെ ഉദ്ഘാടനം ചെയ്തു. രോഗിയെ വിസ്മരിക്കുന്നത് ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ വലിയ വീഴ്ചയാണെന്ന് ചടങ്ങിൽ മുഖ്യസന്ദേശം നൽകിയ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റും മെഡിക്കൽ കോളേജ് ഡയറക്ടറുമായ ഡോ. ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും മാധ്യമങ്ങൾ പർവ്വതീകരിച്ചു കാണിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ഡി.എം.ഒ ഡോ. ടി.കെ. ജയന്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശയ്യാവലംബരായ സഹജീവികൾക്ക് ഗുണമേന്മയുള്ള ശിഷ്ടജീവിതം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് അവർ പറഞ്ഞു. പാലിയേറ്റീവ് ചികിത്സയിലൂടെ പല ദുരന്തങ്ങളും മുൻകൂട്ടി തടയാൻ ആധുനിക സമൂഹത്തിന് കഴിയണമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് ടി.എൻ പറഞ്ഞു. മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗിരീഷ് രാജ് പാലിയേറ്റീവ് സന്ദേശം നൽകുകയും ആർ.സി.എച്ച് അസിസ്റ്റന്റ് ഓഫീസർ ഡോ. അബ്ദുൽ നിസാർ എ.പി ക്ലാസ് എടുക്കുകയും ചെയ്തു. മലപ്പുറം ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സെൻട്രൽ കമ്മിറ്റി അംഗം ശ്രീ. അലവി, ജില്ലാ പാലിയേറ്റീവ് കെയർ കോർഡിനേറ്റർ ശ്രീ. ഫൈസൽ പി, ഡെപ്യൂട്ടി രജിസ്ട്രാർ ഡോ. അലി റിഷാദ്, ഡെപ്യൂട്ടി സ്റ്റാഫ് അഡ്‌വൈസർ ഡോ. ആസിഫ് അലി ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ശ്രീ. സാദിഖലി കെ.പി നന്ദി രേഖപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
