ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി; റിമാൻഡിൽ തുടരും
കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി വടകര മുട്ടുങ്ങലിലെ ഷിംജിതാ മുസ്തഫയ്ക്ക് ജാമ്യമില്ല. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങൾ ശരിവെച്ചുകൊണ്ടാണ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിൽ 24-ാം തീയതി വാദം പൂർത്തിയായിരുന്നു. നിലവിൽ മഞ്ചേരി ജയിലിൽ കഴിയുന്ന ഷിംജിത, പോലീസ് കസ്റ്റഡി അപേക്ഷ നൽകാത്തതിനാൽ റിമാൻഡിൽ തുടരും. അതേസമയം, ജാമ്യാപേക്ഷയിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് ഷിംജിതയുടെ അഭിഭാഷകൻ പറഞ്ഞു. ഉടൻതന്നെ ജില്ലാ കോടതിയിൽ ജാമ്യഹർജി ഫയൽചെയ്യും. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും മെഡിക്കൽ കോളേജ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബസ് ജീവനക്കാരുടെയും ബസിൽ ആ സമയം യാത്രചെയ്തവരുടെയും മൊഴികൾ എടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം നൽകിയാൽ പ്രതി തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സമൂഹവിചാരണ നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പ്രചരിപ്പിച്ചതെന്നും ഇതിലെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും സാക്ഷികളുടെ മൊഴിയും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ സംഘം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കോടതി പരിഗണിച്ചു. ദീപക്കുമായി മുൻപരിചയം ഇല്ലെന്നും ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഷിംജിത വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പയ്യന്നൂരിൽ സ്വകാര്യബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് ജീവനൊടുക്കുകയായിരുന്നു.
