ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതി: മികവുത്സവം നടത്തി
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതിയുടെ മികവുത്സവം സംഘടിപ്പിച്ചു. മികവുത്സവത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മുതിർന്ന പഠിതാവ് കുമുള്ളിക്കളം മുണ്ടിയമ്മയ്ക്ക് (88) കൊളത്തൂർ പകൽ വീട്ടിൽ നടന്ന ചടങ്ങിൽ ചോദ്യപേപ്പർ നൽകി മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. 39 പരീക്ഷ കേന്ദ്രങ്ങളിലായി 294 പുരുഷൻമാരും 1102 സ്ത്രീകളും ഉൾപ്പടെ 1396 പഠിതാക്കൾ അടിസ്ഥാന സാക്ഷരതയെന്ന കടമ്പ കടക്കാനെത്തി. ഇവരിൽ 264 പഠിതാക്കൾ പട്ടികജാതി വിഭാഗത്തിലും 52 പേർ പട്ടിക വർഗ്ഗവിഭാഗത്തിലും ഉൾപ്പെടുന്നു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ .പി ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ .വി .ജുബൈരിയ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ഫൌസിയ പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ടി നഫ് ല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ടി മുഹമ്മദ് റാഫി, ഇ.പി ഷഫീക്ക് മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ സരോജ ദേവി ടീച്ചർ, ഗഫൂർ വാകേരിത്തൊടി,യൂസഫ് ആലുങ്ങൽ, മുഹമ്മദ് ഷെരീഫ്, കിഷോർ രാജ്, സാജിത, അജീഷ്, ഷെമീറ, നഫീസ ടീച്ചർ, മുനീറ സുൽത്താന എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സാക്ഷരതാമിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി വി ശാസ്‌ത പ്രസാദ്, സാക്ഷരതാ മിഷൻ ജീവനക്കാരായ കെ.രത്നകുമാർ, കെ മൊയ്‌തീൻകുട്ടി, നോഡൽ പ്രേരക് ഉമ്മു ഹബീബ, പ്രേരക് ഷഹിറ .എ എന്നിവർ മികവുത്സത്തിന് നേത്യത്വം നൽകി. വാചകം, എഴുത്ത്, ഗണിതം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 150 മാർക്കിനുള്ള ചോദ്യങ്ങളാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മികവുത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
